കേരള മനഃസാക്ഷിയെ ഞെട്ടിച്ച 2013-ലെ അദിതി എസ്. നമ്പൂതിരി വധക്കേസിൽ, 12 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിധി. അദിതിയുടെ പിതാവ് സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇരുവരും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
2013-ൽ അദിതി ക്രൂരമായ മർദ്ദനമേറ്റ നിലയിൽ ആശുപത്രിയില്‍ പ്രവേശിക്കുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. ആദ്യം കൊലക്കുറ്റം തെളിയിക്കാൻ കീഴ്ക്കോടതിയിൽ പ്രോസിക്യൂഷന് സാധിക്കാതെ വന്നതിനെ തുടർന്ന് പ്രതികൾക്ക് മൂന്നുവർഷം കഠിനതടവ് മാത്രമാണ് ലഭിച്ചത്. ഈ ശിക്ഷാ കാലയളവിന് ശേഷം പുറത്തിറങ്ങിയ പ്രതികൾക്കെതിരെ അദിതിയുടെ പിതൃസഹോദരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യ ഭാര്യ (അദിതിയുടെ അമ്മ) ഒരു അപകടത്തിൽ മരിച്ച ശേഷമാണ് ഇദ്ദേഹം റംല ബീഗത്തെ വിവാഹം കഴിക്കുകയും ദീപിക അന്തർജ്ജനം എന്ന പേര് നൽകുകയും ചെയ്തത്. സുബ്രഹ്മണ്യന്റെ രണ്ടാം വിവാഹത്തിന് ശേഷമുള്ള നിരന്തര പീഡനങ്ങൾക്കൊടുവിൽ 2013 ഏപ്രിൽ 29നാണ് ആറു വയസ്സുകാരി അദിതി കൊല്ലപ്പെടുന്നത്. കോഴിക്കോട് ബിലാത്തിക്കുളത്ത് വാടകയ്ക്ക് താമസിക്കുമ്പോഴാണ് അദിഥി ക്രൂരമായ പീഡനത്തിന് ഇരയാവുകയും മരണപ്പെടുകയും ചെയ്തത്.