pm-shri

പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കാനുള്ള കേരള സർക്കാരിൻ്റെ തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.  എന്നാൽ, പദ്ധതിയിൽ നിന്ന് പിന്മാറാൻ കേരളം തീരുമാനിക്കുകയാണെങ്കിൽ, കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനം നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

പി.എം. ശ്രീ ധാരണാപത്രത്തിലെ (MoU) വ്യവസ്ഥകൾ പ്രകാരം, പദ്ധതിയിൽനിന്ന് പിന്മാറാൻ കേരളം തീരുമാനിച്ചാൽ, സമഗ്ര ശിക്ഷാ അഭിയാൻ (എസ്.എസ്.എ) പദ്ധതിക്കുള്ള കേന്ദ്ര ഫണ്ട് തടയാൻ കേന്ദ്രത്തിന് അധികാരമുണ്ട്. കരാർ റദ്ദാക്കാനും പിൻവലിക്കാനുമുള്ള അധികാരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സ്കൂൾ വിദ്യാഭ്യാസ വകുപ്പ് എന്നിവർക്ക് മാത്രമാണുള്ളത്.

പഞ്ചാബ് സംസ്ഥാനത്തിനും സമാനമായ രീതിയിൽ കേന്ദ്രം ഫണ്ട് തടഞ്ഞിരുന്നു. പി.എം. ശ്രീയിൽനിന്ന് പിന്മാറുന്നുവെന്ന് പഞ്ചാബ് അറിയിച്ചതിന് പിന്നാലെ, എസ്.എസ്.എയ്ക്കുള്ള 515 കോടി രൂപ കേന്ദ്രം തടഞ്ഞു. ഇതോടെ, 2024 ജൂലൈ 26-ന് പഞ്ചാബ് പദ്ധതിയിൽ ചേരാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ഈ അനുഭവം കേരളത്തിനും തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

പി.എം. ശ്രീ പദ്ധതിയിൽ സി.പി.എം. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തി. പിഎം ശ്രീ പദ്ധതിയില്‍ സി.പി.ഐ.യെ  കബളിപ്പിക്കാനാണ് സി.പി.എം ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീ​​ശന്‍. സിപിഎം കണ്ണില്‍ പൊടിയിടുകയാണ്. പിഎം ശ്രീയില്‍ ഒപ്പുവച്ചിട്ട് എന്ത് പരിശോധിക്കുമെന്നാണ് പറയുന്നതെന്നും സതീശന്‍ ചോദിച്ചു.

പി.എം. ശ്രീ  പദ്ധതിയില്‍ സി.പി.എം തെറ്റ് പറ്റി എന്ന് സമ്മതിച്ചുവെന്നും സര്‍ക്കാര്‍ മാപ്പ് പറയാന് തയാറാകണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. സി.പി.ഐക്ക് നീതി ലഭിച്ചോ എന്ന് അന്വേഷിക്കണം. പി.എം. ശ്രീ  പദ്ധതി സിപിഎം–ബിജെപി ഡീലിന്റെ ഭാഗമെന്നും വേണുഗോപാല്‍ ആരോപിച്ചു.

ENGLISH SUMMARY:

PM Shri Scheme implementation in Kerala faces uncertainty. The Central Education Ministry awaits clarification from Kerala regarding its decision to reconsider the scheme.