'പിഎം ശ്രീ' പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് ഒപ്പുവച്ച ധാരണാപത്രത്തെക്കുറിച്ച് (MoU) ആശങ്കകളും വിവാദങ്ങളും ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. പുനഃപരിശോധനാ റിപ്പോർട്ട് ലഭിക്കുന്നത് വരെ പദ്ധതിയുടെ നടപടിക്രമങ്ങൾ നിർത്തിവയ്ക്കും. ഈ തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുനഃപരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി

പിഎം ശ്രീ പദ്ധതിയുടെ നടപ്പാക്കൽ പുനഃപരിശോധിക്കുന്നതിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനുമായി ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഉപസമിതിയുടെ അധ്യക്ഷൻ. റവന്യൂ മന്ത്രി കെ. രാജൻ,  വ്യവസായ മന്ത്രി പി. രാജീവ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, കൃഷി മന്ത്രി പി.പ്രസാദ്, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, വനം മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സി.പി.ഐ. ഉൾപ്പെടെയുള്ള കക്ഷികളുടെ കടുത്ത നിലപാടിന് വഴങ്ങിയാണ് സി.പി.എം. നേതൃത്വം പിഎം ശ്രീ പദ്ധതി തൽക്കാലം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.

പി.എം.ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചത് മരവിപ്പിച്ച നടപടി സി.പി.എമ്മും സി.പി.ഐയും ഒരുമിച്ചെടുത്ത തീരുമാനമെന്ന് ഡി.രാജ. ചില പോരായ്മകളുണ്ടെന്ന് അവരും അംഗീകരിക്കുന്നുവെന്നും രാജ പറഞ്ഞു.

സിപിഐയെ മയക്കുവെടി വച്ച് മയക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആരോപിച്ചു. രാഷ്ട്രീയ ഒത്തുതീര്‍പ്പിനുള്ള അടവ് നയം. ധാരണാപത്രം റദ്ദാക്കാന്‍ ഇനി കേന്ദ്രത്തിനെ അധികാരമുള്ളൂവെന്നും സണ്ണി ജോസഫ്.

പി.എം ശ്രീയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം ആത്മഹത്യാപരവും കുട്ടികളുടെ മൗലികാവകാശ ലംഘനവുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. മത മൗലികവാദികൾക്ക് മുന്നിൽ CPM മുട്ടുമുക്കിയാണ് പിൻവാങ്ങൽ എന്നും കൃഷ്ണദാസ് പറഞ്ഞു