kaloor-stadium-renovation-controversy-hibi-eden

മെസിയുടെ പേരില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന  നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ കായികമന്ത്രിയുടെ ബിസിനസ് താല്‍പര്യങ്ങളെന്ന് ഹൈബി ഈഡന്‍ എംപി. മുഖ്യമന്ത്രിയെ   തെറ്റിധരിപ്പിച്ച് ഇരുട്ടില്‍ നിര്‍ത്തിയാണ് മന്ത്രി കാര്യങ്ങള്‍ നടപ്പിലാക്കിയത്. നവീകരണത്തിന്‍റെ പേരില്‍ ചെലവഴിക്കുന്ന പണം ചിട്ടികമ്പനി മുതലാളിയുടേതാണെന്നും ഈ പണം നിയമപരമാണോ എന്ന അന്വേഷിക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. മെസിയുടെ വരവ് തടഞ്ഞത് കോണ്‍ഗ്രസാണെന്ന  സിപിഎം ആരോപണം ജാള്യത മറയ്ക്കാനാണെന്നും  ഇടപാടിലൂടെ സിപിഎമ്മിന് സാമ്പത്തികലാഭമുണ്ടായെന്നും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു.

അതേസമയം, അർജന്റീന ടീമിന്‍റെ സന്ദർശനത്തിന്‍റെ പേരിൽ കലൂർ സ്റ്റേഡിയം കൈമാറിയത്  സ്പോൺസറുമായി കരാറുണ്ടാക്കിയല്ലെന്ന്  ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിളള പറഞ്ഞു. സ്പോൺസറുമായുള്ള ഇടപാടിന്‍റെ ഉത്തരവാദിത്വം സ്പോർട്സ് കേരള ഫൗണ്ടേഷന്‍റെ തലയിൽവച്ച് ജിസിഡിഎ ചെയർമാൻ കൈയൊഴിഞ്ഞു.  70 കോടിയിലധികം രൂപയുടെ നവീകരണം നടത്തുന്നുവെന്ന് സ്പോൺസർ അവകാശപ്പെടുമ്പോഴും അങ്ങിനെ എസ്‌റ്റിമേറ്റില്ലെന്ന് ജിസിഡിഎ ചെയർമാൻ പറഞ്ഞു. സ്‌റ്റേഡിയം നവീകരണത്തിൽ ക്രമവിരുദ്ധമായുണ്ടെങ്കിൽ പരിശോധിക്കും. മാർച്ചിൽ അർജന്റീന വന്നാൽ സ്പോൺസർക്ക് സ്‌റ്റേഡിയം വിട്ടുനൽകുമെന്നും ജിസിഡിഎ ചെയർമാൻ വ്യക്തമാക്കി.  കലൂർ സ്‌റ്റേഡിയം നവീകരണത്തിന് കൈമാറിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപത്തില്‍ ജിസിഡിഎയ്ക്ക് പ്രതിരോധമൊരുക്കാനാണ് സിപിഎം തീരുമാനം.. 

കഴിഞ്ഞ ദിവസങ്ങളിൽ സ്‌റ്റേഡിയത്തിൽ പ്രവേശിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ ജിസിഡിഎ പൊലീസിൽ പരാതി നൽകി. സ്‌റ്റേഡിയം കൈമാറ്റം ജിസിഡിഎ ജനറൽ കൗൺസിൽ വിശദമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ കത്ത് നൽകി. ജിസിഡിഎ ആസ്ഥാനത്തേയ്ക്ക് യുവമോർച്ചയും ബിഡിജെഎസും പ്രതിഷേധമാർച്ച് നടത്തി. കായികമന്ത്രിയുടെ കോലം കത്തിച്ച് ജിസിഡിഎ ആസ്ഥാനത്തേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

ENGLISH SUMMARY:

Kaloor Stadium Renovation is facing controversy due to allegations of corruption and irregularities. Hibi Eden MP raised concerns about the Sports Minister's involvement and the legality of the funds used for renovation.