പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ ഉടലെടുത്ത തർക്കത്തിൽ തങ്ങളുടെ നിലപാടിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് സി.പി.ഐ. സംസ്ഥാന നിർവാഹക സമിതി തീരുമാനിച്ചു. ഉച്ചയ്ക്ക് ശേഷം 3.30-ന് മുഖ്യമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ പാർട്ടി നിലപാട് അറിയിച്ച ശേഷം തുടർനീക്കങ്ങൾ തീരുമാനിച്ചാൽ മതിയെന്നും നിർവാഹക സമിതി വിലയിരുത്തി. സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിച്ചത്. ഏതെങ്കിലും തരത്തിലുള്ള മെല്ലെപ്പോക്ക് സമീപനമോ ഉപസമിതി ചർച്ചയോ അംഗീകരിക്കേണ്ടതില്ലെന്നാണ് സി.പി.ഐയുടെ നിലപാട്. കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വീകരിക്കേണ്ട കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ എക്സിക്യൂട്ടീവ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ സി.പി.ഐ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഉടൻ എൽ.ഡി.എഫ്. യോഗം വിളിക്കണം എന്നതാണ്. പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് മുന്നണിയെ ഇരുട്ടിൽ നിർത്തി എന്ന വിമർശനം സി.പി.ഐ നേരത്തെ ഉയർത്തിയിരുന്നു. ഇതിന് രേഖാമൂലമുള്ള മറുപടി പോലും ലഭിക്കാത്ത സാഹചര്യത്തിൽ, എൽ.ഡി.എഫ്. വേദിയിൽ വിശദമായ ചർച്ച അനിവാര്യമാണെന്ന് പാർട്ടി നിലപാടെടുക്കും.
സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അവസാനിച്ചെങ്കിലും, സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ ആലപ്പുഴയിൽ തന്നെ തുടരും. മുഖ്യമന്ത്രിയുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ ബിനോയ് വിശ്വം മറ്റ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാകും അടുത്ത ഘട്ടത്തിലേക്ക് കടക്കുക. നിലവിലെ സാഹചര്യത്തിൽ, മന്ത്രിമാർ മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുക പോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ഉടൻ പോകേണ്ടതില്ലെന്നാണ് നിർവാഹക സമിതിയുടെ തീരുമാനം. ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാട് മുഖ്യമന്ത്രിയെ അറിയിച്ച ശേഷം, എൽ.ഡി.എഫ്. യോഗം വിളിക്കാൻ ആവശ്യപ്പെടുക എന്നതാണ് ആദ്യപടി. എൽ.ഡി.എഫ്. യോഗം ചേരുന്നതിന് മുൻപ് തന്നെ കടുത്ത തീരുമാനമെടുത്ത് പ്രതിസന്ധി കൂടുതൽ വഷളാക്കാൻ സി.പി.ഐ. ഈ ഘട്ടത്തിൽ ഒരുങ്ങുന്നില്ല.
ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ്ടും നിർവാഹക സമിതി ചേരുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്നാൽ, സംസ്ഥാന സെക്രട്ടറി നേതാക്കളുമായി കൂടിയാലോചിച്ച് തുടർകാര്യങ്ങൾ തീരുമാനിക്കും.