kpcc-sunny-joseph

കെപിസിസി നേതൃത്വത്തിൽ പുതിയ പ്രതിസന്ധി ഉടലെടുക്കുന്നു. ഗ്രൂപ്പ് താൽപര്യങ്ങൾ പരിഹരിക്കുന്നതിനും ജനറൽ സെക്രട്ടറി പദവിക്കായി പരാതി നൽകിയവരെ അനുരഞ്ജിപ്പിക്കുന്നതിനുമായി കെപിസിസി സെക്രട്ടറിമാരുടെ എണ്ണം 140 ആയി ഉയർത്താൻ ആലോചന. ഒരു നിയമസഭാ മണ്ഡലത്തിന് ഒരാൾ എന്ന നിലയിലാകും നിയമനം നടത്തുകയെന്നാണ് സൂചന. സെക്രട്ടറി നിയമനത്തെക്കുറിച്ചുള്ള ചർച്ചകൾ നീളുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിന്റെ ഫലമായി, വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ ചുമതലയേൽക്കൽ അനന്തമായി നീളുന്നതിൽ നേതാക്കൾ കടുത്ത അതൃപ്തിയിലാണ്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത നിലപാട് സ്വീകരിച്ചതാണ് ചുമതലയേൽക്കൽ വൈകാൻ കാരണം. സെക്രട്ടറിമാരെ നിയമിച്ച ശേഷം മാത്രം മതിയേയുള്ളൂ പുതിയ ഭാരവാഹികളുടെ ചുമതലയേൽക്കൽ എന്നാണ് സതീശന്റെ നിലപാട്. ഈ കടുംപിടിത്തം കാരണം ജനറൽ സെക്രട്ടറിമാരായി നിയമിച്ച 59 പേർക്കും 13 വൈസ് പ്രസിഡന്റുമാർക്കും ഇതുവരെ ചുമതലയേൽക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ 50 സെക്രട്ടറിമാർ തുടരുന്നുണ്ട്. ഇവർക്ക് സ്ഥാനക്കയറ്റം ലഭിക്കാത്തതിനാൽ തുടർച്ച നൽകേണ്ടതുണ്ട്. ഇതിനുപുറമേ 90 പേരെക്കൂടി ഉൾപ്പെടുത്തി ആകെ 140 സെക്രട്ടറിമാരെ നിയമിക്കാനാണ് നീക്കം. 200-ലേറെ പേരാണ് സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കാനായി പട്ടികയിൽ വന്നത്.

യൂത്ത് കോൺഗ്രസിലും അസ്വാരസ്യങ്ങൾ

കെപിസിസിയിലെ പ്രതിസന്ധികൾക്കിടെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങും ഇന്ന് നടക്കും. ലൈംഗികാതിക്ഷേപ ആരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ച ഒഴിവിലാണ് പുതിയ ഭാരവാഹികളെത്തുന്നത്. ഒ.ജെ. ജെനിഷ് സംസ്ഥാന അധ്യക്ഷനായും ബിനു ചുള്ളിയേൽ വർക്കിങ് പ്രസിഡന്റായും ഇന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി ചുമതലയേൽക്കും. എന്നാൽ, യൂത്ത് കോൺഗ്രസിലെ നിയമനങ്ങളിലും ഗ്രൂപ്പ് തർക്കങ്ങളും അസ്വാരസ്യങ്ങളും നിലനിൽക്കുന്നുണ്ട്. അബിൻ വർക്കിയെ തഴഞ്ഞതിൽ രമേശ് ചെന്നിത്തലയിലൂടെ ഐ ഗ്രൂപ്പും, കെ.എം. അഭിജിത്തിനെ പരിഗണിക്കാത്തതിൽ എ ഗ്രൂപ്പും ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. അബിൻ വർക്കി തന്റെ നീരസം പരസ്യമാക്കുകയും ചെയ്തിരുന്നു.

ചുമതലയേൽക്കൽ ചടങ്ങിൽ മുതിർന്ന നേതാക്കളുടെ അസാന്നിധ്യവും ശ്രദ്ധേയമാവുകയാണ്. രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകൾ കാരണം പങ്കെടുക്കുന്നില്ല. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമോ എന്നതിലും അനിശ്ചിതത്വം തുടരുകയാണ്.  

ENGLISH SUMMARY:

KPCC crisis is escalating within the Kerala Pradesh Congress Committee due to unresolved group interests. This is causing delays in assuming responsibilities for newly appointed officials and fueling discontent among party leaders.