പിഎം ശ്രീ നടപ്പാക്കുമെന്നും എന്നാല്‍ പദ്ധതിയിലെ നിര്‍ദേശങ്ങളൊന്നും നടപ്പാക്കേണ്ടിവരില്ലെന്നും സിലബസ് സംസ്ഥാനം തീരുമാനിക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി. ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കില്ലെന്നും സിലബസില്‍ മാറ്റം വരുത്തില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. 'ഉത്തരവാദിത്തം എനിക്കാണ്. ചര്‍ച്ച നടത്തി മാറ്റം വരുത്താമെന്ന് ധാരണാപത്രത്തിലുണ്ട്. തര്‍ക്കവിഷയങ്ങളില്‍ കോടതിയില്‍ പോകാമെന്നും നിബന്ധനയുണ്ട്' എന്നും അദ്ദേഹം വിശദീകരിച്ചു. പിഎം ശ്രീ പദ്ധതിയില്‍ സിപിഎം– സിപിഐ ഏറ്റുമുട്ടലിനിടെ സിപിഐയുടെ നിര്‍ണായക നിര്‍വാഹകസമിതി യോഗം നാളെ ആലപ്പുഴയില്‍ ചേരും. ആഴത്തിലും വ്യാപ്തിയിലുമുള്ള പരിശോധന നാളയുണ്ടാവുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മനോരമ ന്യൂസിനോട് പറഞ്ഞു.
സിപിഐ എല്‍ഡിഎഫ് ഭാഗമായി തന്നെ ഉണ്ടാകുമോ അതോ പതിവ് പോലെ ആദ്യത്തെ വിരട്ടലിന് ശേഷം സിപിഎമ്മി് കീഴ്പ്പടുമോ എന്ന ചര്‍ചകള്‍ സജീവമാണെങ്കിലും ഒട്ടും പിന്നോട്ടിട്ടിലെന്നാണ് സിപിഐ നേതൃത്വം സൂചിപ്പിക്കുന്നത്. ഇടതുപക്ഷ രാഷ്രീയത്തിന്‍റെ മഹത്വത്തെ ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകള്‍ നാളെ ആലപ്പുഴയില്‍ ചേരുന്ന നിര്‍വാഹകസമതിയിലുണ്ടാകുമെന്ന ബിനോയ് വിശ്വം മനോരമ ന്യൂസിനോട് പറഞ്ഞു. മന്ത്രിമാര്‍ രാജിവെയ്ക്കുമോ എന്ന ചോദ്യത്തിന് സസ്പെന്‍സ് നിലനിര്‍ത്തുകയാണ് സംസ്ഥാന സെക്രട്ടറി.
കൂടുതല്‍ അനുനയത്തിന് സി.പി.എമ്മുമില്ല. ഇന്നലെ വിദ്യാഭ്യാസമന്ത്രി ബിനോയ് വിശ്വത്തെ കണ്ടതോടെ കാര്യങ്ങളെല്ലാം ബോധിപ്പിച്ചെന്നും ഇനി സി.പി.ഐയുടെ തീരുമാനമറിയട്ടേ എന്നുമാണ് സിപിഎം തീരുമാനം. എന്നിട്ട് മാത്രമാവും എല്‍ഡിഎഫ് ചേരുക. അതിനിടെ പാഠപുസ്തകം തയാറാക്കല്‍ സംസ്ഥാന അധികാരമായി തുടരും. താല്‍പര്യമില്ലെന്ന് വന്നാല്‍ ഏത് നിമിഷവും കരാറില്‍ നിന്ന് പിന്‍മാറാനുമാകുമെന്ന് പറഞ്ഞ് ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വി ശിവന്‍കുട്ടി വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു.
അതേ സമയം സംസ്ഥാനത്തെ തര്‍ക്കം ഇരുപാര്‍ട്ടികളുടെയും കേന്ദ്രനേതൃത്വത്തിലുമെത്തി. ദേശീയ വിദ്യാഭ്യാസ നയത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ ആവശ്യപ്പെട്ടു. ഡി.രാജയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെന്നും പ്രകാശ് ബാബുവിന്‍റെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ലെന്നും എം.എ.ബേബി പറഞ്ഞു.