പി.എം ശ്രീ പദ്ധതിയെ ചൊല്ലിയുള്ള സി.പി.എം – സി.പി.ഐ തര്‍ക്കം കേന്ദ്രനേതൃത്വത്തിലേക്കും. കേന്ദ്രനേതൃത്വങ്ങള്‍ തമ്മില്‍ സംസാരിച്ച് പ്രശ്നം പരിഹരിക്കുകയെന്നതായിരുന്നു പൊട്ടിത്തെറി ഒഴിവാക്കാന്‍ കണ്ട ആദ്യവഴി. ഇന്നലെ എം.എ.ബേബിയും ഡി.രാജയും സംസാരിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മാത്രമല്ല, കൂടുതല്‍ നേര്‍ക്കുനേര്‍ പ്രതികരണങ്ങള്‍ക്കും വഴിവെച്ചു. പി.എം ശ്രീ പദ്ധതിക്കപ്പുറം കേന്ദ്രവിദ്യാഭ്യാസ നയത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ ആവശ്യപ്പെട്ടു.
അതേസമയം, രാജയുടെയും പ്രകാശ് ബാബുവിന്‍റെയും വിമര്‍ശനത്തെ തള്ളുകയാണ് സി.പി.എം നേതൃത്വം. ഡി.രാജയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെന്നും പ്രകാശ് ബാബുവിന്‍റെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ലെന്നും എം.എ.ബേബി പറഞ്ഞു. ബേബിയുടെ നിലപാട് വിഷമിപ്പിച്ചെന്ന് പ്രകാശ് ബാബുവും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജി.ആര്‍.അനിലും വ്യക്തമാക്കി. അതിനിടെ പദ്ധതിയിലെ നിര്‍ദേശങ്ങളൊന്നും നടപ്പാക്കേണ്ടിവരില്ലെന്നും സിലബസ് സംസ്ഥാനം തീരുമാനിക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി വിശദീകരിച്ചു. താല്‍പര്യമില്ലെന്ന് വന്നാല്‍ ഏത് നിമിഷവും കരാറില്‍ നിന്ന് പിന്‍മാറാനുമാകുമെന്ന് പറഞ്ഞ് ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്.
വിഷയത്തില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതടക്കമുള്ള കടുത്ത നടപടി വേണോയെന്ന് തീരുമാനിക്കാനുള്ള സി.പി.ഐ നിര്‍വാഹകസമിതിയോഗം നാളെ ചേരാനിരിക്കെയാണ് അഭിപ്രായഭിന്നത തുടരുന്നത്. നാളെ ആലപ്പുഴയിലാണ് സിപിഐയുടെ നിര്‍ണായക നിര്‍വാഹകസമിതിയോഗം. ഇന്നലെ വിദ്യാഭ്യാസമന്ത്രി ബിനോയ് വിശ്വത്തെ കണ്ടതോടെ കാര്യങ്ങളെല്ലാം ബോധിപ്പിച്ചെന്നും ഇനി നാളത്തെ സി.പി.ഐയുടെ തീരുമാനമറിഞ്ഞ ശേഷം മാത്രം എല്‍.ഡി.എഫ് യോഗം വിളിച്ചാല്‍ മതിയെന്നും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.