ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണെന്ന് ഒന്‍പതാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിന്‍റെ സമ്പദ്ഘടന സ്ഥിരത കൈവരിച്ചെന്നും മോദി സര്‍ക്കാരിന്‍റെ ദീര്‍ഘവീക്ഷണം ഫലം കണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. വികസിത ഭാരതം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയാണെന്നും ആഗോള അനിശ്ചിതാവസ്ഥയിലും ഇന്ത്യയ്ക്ക് സുസ്ഥിര വളര്‍ച്ച നേടാന്‍ കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു. ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചുവെന്നും ഒപ്പം നിന്ന ജനങ്ങള്‍ക്ക് നന്ദിയെന്നും അവര്‍ വ്യക്തമാക്കി. പ്രതീക്ഷകളെ നേട്ടങ്ങളാക്കി മാറ്റാനും കഴിവുകളെ പ്രകടമാക്കാനുമാണ് സര്‍ക്കാര്‍ പ്രയത്നിച്ചത് അതിന് കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക, ജനങ്ങളുടെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കുക,വികസനം എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നീ മൂന്ന് കര്‍ത്തവ്യങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദീകരിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉല്‍പാദന ക്ഷമത മെച്ചപ്പെടുത്താനും വളര്‍ച്ച ത്വരിതപ്പെടുത്താനും സര്‍ക്കാര്‍ സമഗ്ര പരിഷ്കരണങ്ങള്‍ നടപ്പിലാക്കി. ലേബര്‍ കോഡ് വിജ്ഞാപനവും ജിഎസ്ടി ലഘൂകരണവും ഉള്‍പ്പെടെ 350 സുപ്രധാന പരിഷ്കരണങ്ങളാണ് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് ശേഷം മാത്രം രാജ്യത്ത് നടപ്പിലാക്കിയതെന്നും ബജറ്റ് അവതരിപ്പിച്ച് മന്ത്രി പറഞ്ഞു.
നിര്‍മല സീതാരാമന്‍റെ ഒന്‍പതാമത്തെ ബജറ്റ് അവതരണമാണിത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തനത് വസ്ത്ര സംസ്കാരത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി സാരി തിരഞ്ഞെടുക്കാറുണ്ട്. ഇക്കുറി തമിഴ്നാടിന്‍റെ പാരമ്പര്യത്തനിമയോതുന്ന കാഞ്ചീപുരം പട്ടാണ് ധരിച്ചിരിക്കുന്നത്. രാവിലെ ഒന്‍പത് മണിയോടെ ബജറ്റ് അവതരണത്തിനായി യാത്ര തിരിച്ച നിര്‍മല സീതാരാമന്‍ രാഷ്ട്രപതിയെ കണ്ട ശേഷമാണ് പാര്‍ലമെന്‍റിലേക്ക് തിരിച്ചത്