കേന്ദ്ര സർക്കാരിന്റെ പി.എം.ശ്രീ പദ്ധതിയിൽ ചേരാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ സി.പി.ഐയുടെ യുവജന വിദ്യാർത്ഥി സംഘടനകളായ എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ നടന്ന പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പി.എം.ശ്രീ പദ്ധതിക്ക് പച്ചക്കൊടി കാണിച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇരു സംഘടനകളും മാർച്ച് നടത്തിയത്. പ്രതിഷേധക്കാർ മന്ത്രിക്ക് നേരെ ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കി: "മുപ്പത് വെള്ളിക്കാശിനായി ഒറ്റുകൊടുത്തു" എന്നതായിരുന്നു മുദ്രാവാക്യം.
പ്രതിഷേധക്കാർ പൊലീസുമായി വാക്കേറ്റമുണ്ടാക്കുകയും തുടർന്ന് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ജലപീരങ്കി പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി പൊലീസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചു. "പൊലീസുകാരിൽ ആർ.എസ്.എസുകാരുണ്ട്, അതുകൊണ്ടാണ് ജലപീരങ്കി പ്രയോഗിച്ചത്" എന്ന് അദ്ദേഹം പറഞ്ഞു.
പി.എം.ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ രക്തരൂക്ഷിത സമരം നടത്തുമെന്നും എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകി.