സംഘടനാ തിരഞ്ഞെടുപ്പിൽ 1,70,000 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തിയിട്ടും തന്നെ പരിഗണിക്കാതിരുന്നത് സ്വാഭാവിക നീതി നിഷേധമായി കരുതുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അബിന്‍ വര്‍ക്കി. സംഘടനാ തിരഞ്ഞെടുപ്പിന്റെ സാഹചര്യം അല്ല ഇപ്പോഴത്തേത്. നിലവിലെ സാഹചര്യം തീർത്തും വ്യത്യസ്തമായ കാരണങ്ങളാൽ ഉണ്ടായതാണ് അബിന്‍ മനോരമ ന്യൂസ് ഡോട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
താൻ ദേശീയ സെക്രട്ടറി സ്ഥാനം വേണ്ടെന്ന് പറഞ്ഞിട്ടില്ല, മറിച്ച് കേരളത്തിൽ പ്രവർത്തിക്കാനുള്ള അവസരം വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, നേതൃത്വത്തിന്റതാണ് അന്തിമ തീരുമാനം. താൻ എൻ.എസ്.യു.ഐയുടെ ദേശീയ സെക്രട്ടറിയായിരുന്നപ്പോൾ തമിഴ്‌നാട്, ഡൽഹി സർവ്വകലാശാല ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്നു. മാസത്തിൽ 10-15 ദിവസം ദേശീയ രാഷ്ട്രീയത്തിനായി മാറ്റിവെക്കേണ്ടതുണ്ടായിരുന്നു. വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുക്കുമ്പോൾ, കഴിഞ്ഞ അഞ്ച് വർഷമായി ഇടതുപക്ഷ സർക്കാരിനെതിരെ തങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്. ഈ സമയത്ത് കേരളത്തിൽ നിന്ന് മാറി നിൽക്കുന്നത് നഷ്ടമായിരിക്കും എന്ന് കരുതിയാണ് കേരളത്തിൽ തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ സുഹൃത്ത് എന്ന നിലയിൽ തനിക്കുണ്ടായ വിഷമം അബിൻ പങ്കുവെച്ചു. "ഞാനും രാഹുലും തമ്മിൽ വളരെ ദീർഘമായ ബന്ധം ഉണ്ടായിരുന്നു. ഞങ്ങൾ എൻ.എസ്.യു.ഐയിൽ ഒന്നിച്ചു പ്രവർത്തിച്ചവരാണ്. " വലിയ പ്രതീക്ഷയുണ്ടായിരുന്ന ഒരു സുഹൃത്തിന് ഇങ്ങനെയൊരു സാഹചര്യം വന്നപ്പോൾ തനിക്ക് വ്യക്തിപരമായി വലിയ വിഷമം ഉണ്ടായി. തന്റെ വിഷമം അദ്ദേഹത്തെ അറിയിച്ചിരുന്നു.
രാഹുലുമായി ബന്ധപ്പെട്ട വിഷയത്തില്‍ "മറ്റൊരു രാഷ്ട്രീയ പാർട്ടിയും എടുക്കാത്ത നിലപാട് കോൺഗ്രസ് സ്വീകരിച്ചു. ഈ തീരുമാനം ഉയർന്ന മൂല്യബോധമുള്ള കോൺഗ്രസ് പാർട്ടിയുടെ കൂട്ടായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. പാർട്ടി നേതൃത്വം എടുക്കുന്ന നിലപാടിനൊപ്പം നിൽക്കുക എന്നതാണ് തന്റെ കടമയെന്നും അബിന് വ്യക്തമാക്കി.
രാഹുൽ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ യൂത്ത് കോൺഗ്രസ് ഗ്രൂപ്പിൽ വന്ന കമന്റുകൾ ചില ഭാരവാഹികൾക്ക് ഉണ്ടായ തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു. കമന്റുകൾ ഇട്ടവർ തന്നെ അന്ന് ഡിലീറ്റ് ചെയ്യുകയും പിന്നീട് വിളിച്ച് ക്ഷമാപണം നടത്തുകയും ചെയ്തെന്നും അബിന്‍ പറഞ്ഞു.
വയനാട് ദുരന്തബാധിതർക്ക് 30 വീടുകൾ (ഒരു വീടിന് 8 ലക്ഷം) വെച്ച് കൊടുക്കാൻ 2.40 കോടി രൂപയാണ് ലക്ഷ്യമിട്ടത്. രാഹുൽ ഗാന്ധിയുടെ 100 വീട് പണിയുന്ന പദ്ധതിയിൽ 30 വീടുകൾ യൂത്ത് കോൺഗ്രസ് വഹിക്കാനാണ് തീരുമാനിച്ചത്. 30 വീട് പണിയാനുള്ള പണത്തിന്റ പകുതിയോളം ഇപ്പോൾ കയ്യിലുണ്ട്. കെ.പി.സി.സിക്ക് നിയമപരമായ ഭൂമി ലഭ്യമാകുന്ന പക്ഷം, ആദ്യഘട്ടം ഉടൻ നൽകുകയും പണി പുരോഗമിക്കുമ്പോൾ ബാക്കി നൽകി വാഗ്ദാനം പൂർത്തീകരിക്കുകയും ചെയ്യും. യു.ഡി.എഫ്. മുന്നണിയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മുസ്ലിം ലീഗ് തുടങ്ങിയ ഘടകങ്ങൾ എല്ലാം വെവ്വേറെ കളക്ഷനുകൾ നടത്തിയത് മൂലം ഉദ്ദേശിച്ച തുകയിലേക്ക് എത്താൻ കഴിയാതിരുന്നത്.