പി‌എം ശ്രീ പദ്ധതിയെ ചൊല്ലി ഇടത് മുന്നണിയിലെ മറ്റ് ഘടകക്ഷികള്‍ക്കിടയിലും അഭിപ്രായഭിന്നത. സി‌പി‌എം തീരുമാനത്തില്‍ സി‌‌പി‌‌ഐയെ കൂടാതെ ആര്‍‌‌ജെ‌ഡിയും ജെ‌‌ഡിഎ‌‌സും എതിര്‍പ്പ് അറിയിച്ചു. എന്നാല്‍ ആശങ്കകള്‍ പരിഹരിക്കുമെന്ന് പറഞ്ഞ് സി‌പി‌‌എമ്മിനൊപ്പമാണ് കേരള കോണ്‍ഗ്രസ് എം. ആശങ്കയുണ്ടെന്ന് എസ്‌എഫ്‌ഐയും നിലപാടെടുത്തപ്പോള്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് എഐവൈഎഫും എഐഎസ്എഫും.

സമീപകാലത്ത് ഇല്ലാത്തതുപോലെ അടപടലം ആശയക്കുഴപ്പമാണ് എല്‍ഡിഎഫില്‍. സിപി‌‌ഐയെ മാത്രം അനുനയിക്കുന്നതുകൊണ്ട് പ്രശ്നം തീരില്ല. കേന്ദ്രഫണ്ട് നേടാനാണെങ്കില്‍ പദ്ധതിയെ ഒപ്പുവെക്കാതെ നിയമപോരാട്ടം നടത്തണമായിരുന്നൂവെന്ന് മനോരമ ന്യൂസിലൂടെ തുറന്നടിച്ചു ആര്‍‌ജെ‌ഡി. മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തതിലെ അതൃപ്തി ജെ‌ഡി‌എസും പരസ്യമാക്കി. എന്നാല്‍ ജോസ് കെ.മാണി സി‌പി‌എമ്മിനെ പിണക്കാനില്ല.

കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ ഇന്നലെ വരെ നടത്തിയ സമരങ്ങളെയെല്ലാം തള്ളിപ്പറയേണ്ട ഗതികേടിലായ എസ്‌എഫ്‌ഐയാണ് പെട്ടുപോയത്. വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്നത് തിരുത്തണമെന്നും കീഴടങ്ങല്‍ മരണവും ചെറുത്തുനില്‍പ്പ് പോരാട്ടവുമാണെന്ന് എസ്‌എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍റെ ഫേസ്ബുക്കിലെ വിമര്‍ശനം ഇത് വ്യക്തമാക്കുന്നു. സര്‍ക്കാരിനെ ആശങ്കയറിയിക്കുമെന്ന് പറഞ്ഞ് മുഖംരക്ഷിക്കാന്‍ പാടുപെടുകയാണ് ദേശീയ–സംസ്ഥാന നേതൃത്വങ്ങള്‍.

സി‌പി‌ഐ എതിര്‍പ്പ് ഏറ്റുപിടിക്കുന്ന എഐവൈഎഫും എഐഎസ്എഫും പരസ്യപ്രതിഷേധത്തിലേക്കാണ്. നാളെ തിരുവനന്തപുരത്തും തിങ്കളാഴ്ച ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും.

ENGLISH SUMMARY:

The PM SHRI project has created deep divisions within the Left Front. Apart from the CPI, both the RJD and JD(S) have opposed the CPM’s decision to join the scheme. However, the Kerala Congress (M) has stood with the CPM, saying that concerns will be resolved through discussion. As SFI expressed its own apprehensions, the AIYF and AISF are preparing for open protests.