പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നടപടിയെ വിമര്‍ശിച്ച് എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍. വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്നത് തിരുത്തപ്പെടണമെന്നും കീഴടങ്ങല്‍ മരണവും ചെറുത്തുനില്‍പ്പ് പോരാട്ടവുമാണെന്നും ശരത് ഫെയ്സ്ബുക്കില്‍ കുറിച്ചു. ശരത്തിന്‍റെ കുറിപ്പിങ്ങനെ: 'സംഘപരിവാർ കീഴടക്കുന്ന വിദ്യാഭ്യാസ മേഖലയെ കുറിച്ച് കേരളത്തിലെ ക്യാമ്പസുകളിലും നാട്ടിൻ പുറങ്ങളിലും ചർച്ച ചെയ്തതും സമരം ചെയ്തതും ഞങ്ങൾ മാത്രമാണ്..വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏതു കോണിൽ നിന്നായാലും തിരുത്തപ്പെടേണ്ടതാണ്..കീഴടങ്ങൽ മരണവും ചെറുത്ത് നിൽപ്പ് പോരാട്ടവുമാണ്'.
പിഎം ശ്രീ പദ്ധതിയില്‍ ആശങ്കയുണ്ടെന്ന് എസ്എഫ്ഐ ദേശീയ നേതൃത്വവും വ്യക്തമാക്കി. ആശങ്ക വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുമെന്നും മന്ത്രിയെ നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും എസ്എഫ്ഐ ദേശീയ പ്രസിഡന്‍റ് ആദര്‍ശ് സജി മനോരമന്യൂസിനോട് പറഞ്ഞു. കേന്ദ്രഫണ്ട് കേരളത്തിന് ലഭിക്കേണ്ടതാണ്. എന്നാല്‍ കാവിവല്‍ക്കരണം അനുവദിക്കില്ലെന്നും വര്‍ഗീയ അജണ്ടയുമായി വന്നാല്‍ പ്രതിരോധിക്കാന്‍ എസ്എഫ്ഐ ഉണ്ടാകുമെന്നും ആദര്‍ശ് കൂട്ടിച്ചേര്‍ത്തു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ നേരത്തെയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സിപിഐയടക്കം ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.