പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. ഒപ്പിട്ട വ്യവസ്ഥകള്‍ മനസിലാക്കി അഭിപ്രായം പറയുമെന്നും കരാറിലെ വ്യവസ്ഥകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ മുന്നണിയിലെ പ്രധാനികളാണെന്നും അവര്‍ അവരുടെ അഭിപ്രായം പറഞ്ഞു, അത് കേള്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ മുന്നണിയില്‍ അനൈക്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കള്‍ പരിഹരിക്കുമെന്നും അതിനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടെന്നും ജോസ്.കെ.മാണി പ്രതികരിച്ചു. പദ്ധതിക്ക് ഗുണവും ദോഷവുമുണ്ടെന്നും ഈ പണമില്ലാതെ സംസ്ഥാനത്ത് സ്കൂളുകള്‍ നവീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കുമെന്നായിരുന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ പ്രതികരണം.