പിഎം ശ്രീ പദ്ധതി ഒപ്പുവച്ചതില്‍ എല്‍ഡിഎഫില്‍ രാഷ്ട്രീയ പ്രതിസന്ധി. സിപിഐയ്ക്ക് പിന്നാലെ ആര്‍ജെഡിയാണ് എതിര്‍പ്പ് ഉയര്‍ത്തി രംഗത്തെത്തിയത്. പദ്ധതിയില്‍ ഒപ്പുവയ്ക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു വേണ്ടതെന്ന് ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു. മുന്നണിയില്‍ ചര്‍ച്ച ചെയ്യും എന്ന് പറഞ്ഞിട്ട് ചര്‍ച്ച ചെയ്തില്ലെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി കമ്മിറ്റി കൂടുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയനയം വികലവും അശാസ്ത്രീയവുമാണെന്നും മുന്നണി അച്ചടക്കം പാലിച്ചാണ് പരസ്യ പ്രസ്താവന ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് എഐഎസ്എഫ്. വിപ്ലവ പ്രസ്ഥാനത്തിന്‍റെ മുന്‍ അമരക്കാരനാണ് എല്‍ഡിഎഫിനെ വഞ്ചിച്ചതെന്നും മന്ത്രിക്ക് അഭിവാദ്യങ്ങളെന്നുമായിരുന്നു എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ.അധിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്. നിലപാടെന്നത് ഒരു വാക്കല്ലെന്നും അത് കേരളത്തില്‍ കാട്ടിക്കൊടുത്തത് ഇടതുപക്ഷമാണെന്നും പോസ്റ്റില്‍ പറയുന്നു.
പദ്ധതിയില്‍ കേരളം ഒപ്പിട്ടെന്ന വാര്‍ത്ത വസ്തുതയെങ്കില്‍ അത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സിപിഐ. പാർട്ടിയെ വഞ്ചിച്ച് കരാർ ഒപ്പിട്ടതിൽ തുടർനീക്കം ചർച്ച ചെയ്യാൻ സിപിഐ അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിച്ചു. വാർത്തകളിൽ കണ്ട അറിവേ ഉള്ളൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മനോരമ ന്യൂസിനോട് പറഞ്ഞു.