പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടത് ഒക്ടോബര്‍ 17ന്. എംഒയു തയ്യാറാക്കിയത് 16നാണ്. സാക്ഷികള്‍ അന്ന് ഒപ്പിട്ടു. മന്ത്രിസഭയില്‍ തര്‍ക്കംവന്നത് 22നാണ്. അന്നും സിപിഐ മന്ത്രിമാര്‍ ഒപ്പിട്ട കാര്യം അറിഞ്ഞില്ല. ഒപ്പിട്ടത് അറിയിക്കാതെ സിപിഐ മന്ത്രിമാരെ കബളിപ്പിച്ചു. ധാരണാപത്രത്തിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
പി.എം.ശ്രീയില്‍ എം.ഒ.യു സംബന്ധിച്ച് പൂര്‍ണ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് . കേരളം അംഗീകരിച്ച എം.ഒ.യു വിശദാംശങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു. എം.ഒ.യു റദ്ദാക്കാനുള്ള അവകാശം കേന്ദ്രത്തിനുമാത്രമാണ്. ഏതുമാറ്റത്തിനും കേന്ദ്ര അംഗീകാരം വേണമെന്നും എം.ഒ.യു പറയുന്നു. ഫണ്ട് നല്‍കുന്നത് പൂര്‍ണമായും കേന്ദ്ര നയമനുസരിച്ചാകും എന്നും വ്യക്തമാക്കുന്നുണ്ട്. ഒരു സ്കൂളിന് പിഎം.ശ്രീ എന്ന പേരു നല്‍കിയാല്‍ അത് പീന്നീട് മാറ്റാനാകില്ല. അധ്യാപകരെ നിരന്തരം വിലയിരുത്താന്‍സംവിധാനം വരും . അതിന് പുറത്തു നിന്നുള്ള വിദഗ്ധരുടെ സേവനവും ഉപയോഗിക്കും. ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പാക്കുമെന്നും മുഴുവന്‍സംസ്ഥാനത്തിനും ഇത് ബാധകമാണെന്നും പറഞ്ഞാണ് എം.ഒ.യു വിലെ നിബന്ധനകള്‍ തുടങ്ങുന്നത്. പിഎം ശ്രീ പദ്ധതി സ്കൂളുകളുടെ പ്രധാന ലക്ഷ്യംമെന്നും എം.ഒ.യു അസന്നിഗ്ധമായി പറയുന്നുണ്ട്.
പിഎംശ്രീയില്‍ സിപിഎം മുന്നണി മര്യാദ ലംഘിച്ചെന്ന് സിപിഐ. പിഎം ശ്രീ ധാരണ സംബന്ധിച്ച് സിപിഐ ഇരുട്ടിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഘടകകക്ഷികളെ ഇരുട്ടിലാക്കിയല്ല എല്‍ഡിഎഫ് മുന്നോട്ടുപോകേണ്ടതെന്നും തിരുത്തിയേ തീരുവെന്നും ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീ ഒപ്പിട്ടതിനെ ആദ്യം പിന്തുണച്ചത് ബിജെപിയാണ് അതുകൊണ്ടുതന്നെ സംതിങ് ഈസ് റോങ് എന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
പിഎം ശ്രീയിൽ എല്‍ഡിഎഫ് സർക്കാർ ഒപ്പുവച്ച ധാരണാപത്രത്തിൽനിന്ന് പിന്മാറണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. മുന്നണി മര്യാദകൾ ലംഘിക്കപ്പെട്ടു. നിലപാട് മാറ്റിയില്ലെങ്കിൽ അപ്പോൾ നോക്കാമെന്നും കടുത്ത ഭാഷയിൽ സിപിഐ ജനറൽ സെക്രട്ടറിയുടെ വിമർശനം. എല്‍ഡിഎഫ് സർക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കില്ല. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് കത്തയച്ചു. ഡൽഹിയിലെത്തുമ്പോൾ ബേബിയെ നേരിട്ട് കാണുമെന്നും ഡി.രാജ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിൽ എം.എ.ബേബിക്ക് സമാനമായ നിലപാടാനുള്ളതെന്നും രാജ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയെ ചൊല്ലി ഇടത് മുന്നണിയിലെ മറ്റ് ഘടകക്ഷികള്‍ക്കിടയിലും അഭിപ്രായഭിന്നത. സിപിഎം തീരുമാനത്തില്‍ സിപിഐയെ കൂടാതെ ആര്‍ജെഡിയും ജെഡിഎസും എതിര്‍പ്പ് അറിയിച്ചു. എന്നാല്‍ ആശങ്കകള്‍ പരിഹരിക്കുമെന്ന് പറഞ്ഞ് സിപിഎമ്മിനൊപ്പമാണ് കേരള കോണ്‍ഗ്രസ് എം. ആശങ്കയുണ്ടെന്ന് എസ്‌എഫ്‌ഐയും നിലപാടെടുത്തപ്പോള്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് എഐവൈഎഫും എഐഎസ്എഫും.