രാഹുൽ മാങ്കൂട്ടത്തിൽ വിവാദം അവസാനിപ്പിച്ച് ശബരിമല സ്വർണക്കൊള്ള ഉയർത്തി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് നേതൃത്വം. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാക്കാൻ മുഖ്യമന്ത്രി തന്നെ എസ്. ഐ.ടിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും സ്വർണക്കൊള്ള മറയ്ക്കാനാണ് മുഖ്യമന്ത്രി ബോധപൂർവം രാഹുലിന്റെ അറസ്റ്റ് ഒഴിവാക്കിയതെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഹുലിനെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ കഴിവുകേടാണെന്ന വിമർശനവുമായി കെ. മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കളും സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് വോട്ടുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.
മാതൃകാപരമായ നടപടിയെടുത്തു. രാഹുലെന്ന പുകഞ്ഞ കൊള്ളി പുറത്തായി. ശബരിമല സ്വർണക്കൊള്ള വിവാദം തന്നെയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയെന്ന് കോൺഗ്രസ് നേതൃത്വം. ‘‘പരമാവധി വൈകിക്കാനേ പറ്റുകയുള്ളൂ. കാരണം ഈ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ കടകംപള്ളിയെ ചോദ്യം ചെയ്യരുത് എന്ന സമ്മർദ്ദം എസ്ഐടിയുടെ മീതെ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്നുണ്ട്. കാരണം കടകംപള്ളിയുടെ പേര് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്മാർ പറഞ്ഞു കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
‘‘രാഹുലിനെതിരായ പരാതി മുഖ്യമന്ത്രി അറിഞ്ഞിരുന്നു പക്ഷേ ബോധപൂർവം പിടികൂടിയില്ല. തലേദിവസം ഈ പെൺകുട്ടി പരാതി കൊടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാമായിരുന്നല്ലോ, ഒരു സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു പൊലീസുകാരൻ വിചാരിച്ചാൽ ഈ അറസ്റ്റ് നടക്കുമായിരുന്നല്ലോ. അവരുടെ ആഗ്രഹം ഈ ശബരിമലയിലെ കൊള്ള ഈ തിരഞ്ഞെടുപ്പ് കാലത്ത് ഒന്ന് മാറ്റി വെച്ചിട്ട് വേറെ വിഷയം ചർച്ച ചെയ്യണമെന്നാണ് എന്നും സതീശൻ പറഞ്ഞു.
രാഹുലിനെ പിടിക്കേണ്ടത് ഞങ്ങളല്ല നിങ്ങളാണെന്ന് പൊലീസിനെ ചൂണ്ടി നേതാക്കൾ. ‘‘പൊലീസുകാർ മീശ വെച്ച് നടന്നിട്ടും ആൾക്കാരെ വിരട്ടിയിട്ടും കാര്യമില്ല, ഒളിച്ചിരിക്കുന്നവരെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാ ഈ കാക്കിയെന്ന് കെ. മുരളീധരൻ ചോദിച്ചു. കേരളത്തിലെ പൊലീസ് സമ്പൂർണ്ണ പരാജയമാണെന്ന് വി.കെ. ശ്രീകണ്ഠൻ എം.പിയും കുറ്റപ്പെടുത്തി.
രാഹുൽ ഉയർത്തിയ വിവാദം പ്രചരണ വേഗതയിൽ പ്രതിസന്ധി തീർത്ത കോൺഗ്രസിന് മുന്നിൽ ഇനിയുള്ളത് ശബരിമല സ്വർണക്കൊള്ളയും, വിലക്കയറ്റവും, അഴിമതിയും, സർക്കാർ ഖജനാവിൽ നയാ പൈസയില്ലെന്ന ആരോപണവും ഉൾപ്പെടെ സർക്കാരിനെതിരെയുള്ള കടന്നാക്രമണമാണ്.