പി.എം ശ്രീ പദ്ധതിയില്‍ കേരളം ചേരുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പദ്ധതിയില്‍ ചേരാനുളള സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്തപ്പോള്‍ പദ്ധതിയെ എതിര്‍ക്കാതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.
കേരളത്തിൽ കഴിഞ്ഞ കുറെ നാളുകളായിട്ട് ബിജെപി-സിപിഎം ഡീലിന്റെ ഓരോ ഘടകങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്, അതിൽ ഒന്നാണ് ഈ പിഎം ശ്രീ പദ്ധതി' എന്ന് കെ.സി വേണുഗോപാൽ ആരോപിച്ചു. പദ്ധതിയിൽ ചേരുന്നത് സിപിഎം-ബിജെപി ഇടപാടിന്റെ ഭാഗമാണെന്നും, ഗാന്ധിയെക്കുറിച്ചല്ല ഗോഡ്സെയെക്കുറിച്ച് പഠിപ്പിക്കാനുള്ള കൈക്കൂലിയാണ് കേന്ദ്രം വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്‍റെ ഫണ്ടല്ലേ, കളയേണ്ടതില്ലല്ലോ എന്നും വര്‍ഗീയ അജന്‍ഡയുള്ള നിബന്ധന പാലിക്കാതിരുന്നാല്‍ മതിയെന്നും വി.ഡി.സതീശന്‍ പറഞ്ഞു. സിപിഐയുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഭരണമുന്നണിയിൽ പ്രതിസന്ധി നിലനിൽക്കെയാണ് പ്രധാന പ്രതിപക്ഷമായ കോൺഗ്രസിലും വിഷയത്തിൽ ഭിന്നത ഉടലെടുത്തിരിക്കുന്നത്.
പി.എം ശ്രീ വഴി നല്‍കുന്നത് നമ്മുടെ നികുതിപ്പണമാണ്. അത് വാങ്ങുന്നതില്‍ കുഴപ്പമില്ലെന്ന് സണ്ണി ജോസഫ്. പക്ഷേ ഉപാധികളില്ലാതെ തരണം. എല്‍ഡിഎഫിലെ അനൈക്യം പ്രകടമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.