കെപിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട ഉയർന്ന പരാതികളും അതൃപ്തികളും സെക്രട്ടറി പട്ടിക പരിഹരിക്കും. കെ. മുരളീധരൻ ഉൾപ്പെടെയുള്ളവരുടെ പരാതികൾക്ക് സെക്രട്ടറി പട്ടികയിൽ അർഹമായ പരിഗണന നൽകി പരിഹരിക്കാനാണ് നേതൃത്വത്തിനിടയിലെ ധാരണ.
അതേസമയം, പരാതികളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ച വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി പട്ടികയിൽ കൂട്ടിച്ചേർക്കലുകൾ നടത്തില്ലെന്ന് നേതൃത്വം വ്യക്തമാക്കി. സെക്രട്ടറി നിയമനം അതിവേഗം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കെ, പട്ടിക നൂറിൽ ചുരുക്കാൻ ചർച്ചകൾ തുടങ്ങി.
എട്ടു ഡിസിസി പ്രസിഡന്‍റുമാരെ മാറ്റുന്ന കാര്യം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമാക്കാനാണ് തീരുമാനം. ഇതിനിടെ, പുതിയ ഭാരവാഹികളുടെ യോഗം വ്യാഴാഴ്ച ചേരാൻ തീരുമാനിച്ചു.