നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും അതൃപ്തി മാറാതെ മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. കുട്ടനാട്ടില്‍ കർഷകത്തൊഴിലാളി യൂണിയനും സിപിഎമ്മും സംഘടിപ്പിക്കുന്ന വിഎസ് സ്മാരക കേരള പുരസ്കാര സമർപ്പണ പരിപാടിയിൽ ജി.സുധാകരൻ പങ്കെടുക്കില്ല. അതേസമയം സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്നതിനിടെ ജി സുധാകരന്, അന്തരിച്ച ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാരം നൽകാൻ യുഡിഎഫ് ഘടകകക്ഷിയായ ആർഎസ്പി തീരുമാനിച്ചു.
കുട്ടനാട്ടിൽ പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി, പിബി അംഗം എ.വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ജി.സുധാകരനെ ക്ഷണിച്ചിരുന്നു. സമ്മേളനത്തിൽ ജി.സുധാകരൻ പ്രസംഗകൻ ആയിരുന്നില്ല. കഴിഞ്ഞ ദിവസം സുധാകരനെ അനുനയിപ്പിക്കാൻ വീട്ടിലെത്തിയ കേന്ദ്രകമ്മിറ്റി അംഗം സി.എസ് സുജാതയും ജില്ലാ സെക്രട്ടറി ആർ നാസറും കുട്ടനാട്ടിലെ പരിപാടിക്ക് എത്തണമെന്ന് സുധാകരനോട് അഭ്യർഥിച്ചത്. പരിപാടിയിൽ പങ്കടുക്കുമെന്നാണ് അതിനു ശേഷം സുധാകരൻ പറഞ്ഞത്. എന്നാൽ സുധാകരന്‍റെ അത്യപ്തി മാറിയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് കുട്ടനാട്ടിലെ പരിപാടിക്ക് എത്തില്ല എന്ന നിലപാട്. ഇന്ന് രാവിലെ സുധാകരൻ കരുനാഗപ്പള്ളിയിലേക്ക് പോയി.
സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്നതിനിടെ ജി.സുധാകരന്‍ പുരസ്കാരം സമ്മാനിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് ഘടകകക്ഷിയായ ആർഎസ്പി. ഇടത് രാഷ്ട്രീയത്തിലെയും പിന്നീട് യുഡിഎഫിലെയും പ്രധാന നേതാവായിരുന്ന ടി.ജെ.ചന്ദ്രചൂഡന്‍റെ പേരിലുളള പുരസ്കാരമാണ് സുധാകരന് സമ്മാനിക്കുക. 31ന് തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്യുന്ന ചന്ദ്രചൂഡന്‍ അനുസ്മരണ പരിപാടിയില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പുരസ്ക്കാരം സമ്മാനിക്കും. പുരസ്ക്കാരത്തില്‍ രാഷ്ട്രീയമില്ലെന്ന് ടി.ജി.ചന്ദ്രചൂഡന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷിബു ബേബി ജോണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, സുധാകരൻ പാർട്ടി വിട്ട് പുറത്തു വരുമെന്ന് യുഡിഎഫ് കരുതുന്നില്ല. ഇപ്പോഴും സിപിഎം അണികൾക്കിടയിൽ നല്ല പ്രതിഛായ ഉള്ള ജി.സുധാകരനെ പാർട്ടി നേതൃത്വം അവഗണിക്കുമ്പോൾ യുഡിഎഫ് പരിഗണിക്കുന്നു എന്ന സന്ദേശം നൽകാൻ സാധിക്കും എന്നതാണ് യുഡിഎഫ് നേതാക്കൾ കരുതുന്നത്.