മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരനെ പ്രശംസിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. അഴിമതിയുടെ കറ പുരളാത്ത അടിയുറച്ച കമ്മ്യൂണിസ്റ്റ് വിശ്വാസിയായ രാഷ്ട്രീയനേതാവാണ് ജി. സുധാകരനെന്നാണ് അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്. സിപിഎമ്മും സുധാകരനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍കെയാണ് അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടുള്ള കുറിപ്പ്.
ആലപ്പുഴയില്‍ ജനിച്ചു വളർന്ന തനിക്ക് അദ്ദേഹത്തിന്റെ നേതൃത്വ പാടവത്തെയും സംഘാടന മികവിനെയും പറ്റി നല്ല ബോധ്യമുണ്ടെന്നും പൊതുമരാമത്ത്, ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചിരുന്നതെന്നും അദ്ദേഹം എഴുതി. മന്ത്രിയായിരുന്നപ്പോള്‍ സുധാകരന്റെ സെക്രട്ടറി പറഞ്ഞ അനുഭവും അദ്ദേഹം എഴുതി.
'സുധാകരൻ സാറിന്റെ കീഴിൽ പ്രവർത്തിക്കുന്നവർക്ക് പൊതുജനങ്ങളുടെ മുഖത്ത് തികഞ്ഞ അഭിമാനത്തോടെ നോക്കാൻ കഴിയും, കാരണം അഴിമതിയുടെ നിഴൽ പോലും സുധാകരൻ സാറിനെ സ്പർശിച്ചിട്ടില്ല, കൂടെ നിൽക്കുന്നവരെ സ്പർശിക്കാൻ അദ്ദേഹം അനുവദിക്കുകയും ഇല്ല', എന്നായിരുന്നു സെക്രട്ടറിയുടെ വാക്കുകള്‍. ഇന്നത്തെ രാഷ്‌ടീയ പ്രവർത്തകർക്ക് കണ്ടു പഠിക്കാൻ പറ്റിയ ഒരു മാതൃകയാണ് ജി. സുധാകരനെന്നും അദ്ദേഹം എഴുതി.
ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം,
അഴിമതിയുടെ കറ പുരളാത്ത അടിയുറച്ച കമ്മ്യൂണിസ്റ്റ് വിശ്വാസിയായ രാഷ്ട്രീയനേതാവാണ് സഖാവ് ജി. സുധാകരൻ. ആലപ്പുഴ ജില്ലയിൽ ജനിച്ചു വളർന്ന എനിക്ക് അദ്ദേഹത്തിന്റെ നേതൃത്വ പാടവത്തെയും സംഘാടന മികവിനെയും പറ്റി നല്ല ബോധ്യമുണ്ട്. പൊതുമരാമത്തു മന്ത്രിയായിരുന്നപ്പോഴും ദേവസ്വം മന്ത്രി ആയിരുന്നപ്പോഴും ശ്‌ളാഘനീയമായ പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ച വെച്ചത്. ഒരു സംഭവം എന്റെ ഓർമ്മയിൽ വരുന്നു.
വർഷങ്ങൾക്ക് മുൻപ് സംസ്ഥാന ഗവണ്മെന്റ് ആലപ്പുഴയിൽ സംഘടിപ്പിച്ച കയർ ഉൽപ്പന്നങ്ങളുടെ ഒരു പ്രദർശനം ഉത്‌ഘാടനം ചെയ്യാൻ ഞാൻ പോയിരുന്നു. ആ പരിപാടിക്ക് എന്നെ ക്ഷണിക്കാനായി മന്ത്രി ജി. സുധാകരന്റെ സെക്രട്ടറി എന്റെ വീട്ടിൽ വന്നു. അപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാചകം ഇന്നും എന്റെ ഓർമ്മയിൽ മായാതെ നിൽക്കുന്നു.
''സുധാകരൻ സാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന എന്നെപ്പോലുള്ളവർക്ക് പൊതുജനങ്ങളുടെ മുഖത്ത് തികഞ്ഞ അഭിമാനത്തോടെ നോക്കാൻ കഴിയും, കാരണം അഴിമതിയുടെ നിഴൽ പോലും സുധാകരൻ സാറിനെ സ്പർശിച്ചിട്ടില്ല, കൂടെ നിൽക്കുന്നവരെ സ്പർശിക്കാൻ അദ്ദേഹം അനുവദിക്കുകയും ഇല്ല''. സഖാവ് ജി. സുധാകരൻ ഇന്നത്തെ രാഷ്‌ടീയ പ്രവർത്തകർക്ക് കണ്ടു പഠിക്കാൻ പറ്റിയ ഒരു മാതൃകയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. അദ്ദേഹം കൂടുതൽ ഊർജ്ജസ്വലതയോടെ രാഷ്ട്രീയരംഗത്ത് ഇനിയും ശോഭിക്കട്ടെ എന്നു ഞാൻ ആശംസിക്കുന്നു!