g-sudhakaran-16-10-25

ജി. സുധാകരൻ പാർട്ടി നേതാക്കൾക്കെതിരെ നടത്തിയ വിമർശനങ്ങളോടുള്ള എതിർപ്പ് നിലനിൽക്കുമ്പോൾ തന്നെ അനുനയ നീക്കവുമായി CPM. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരം കേന്ദ്രകമ്മിറ്റി അംഗം സി.എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ സുധാകരന്‍റെ വീട്ടിലെത്തി. സൈബർ ആക്രമണങ്ങൾ നടത്തിയ ചില പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും സംരക്ഷിക്കാൻ ഒരു വിഭാഗം നേതാക്കൾ നടത്തുന്ന ശ്രമത്തിലുള്ള  അതൃപ്തി സുധാകരൻ അറിയിച്ചു, പാർട്ടി സ്വീകരിച്ച നടപടികൾ നേതാക്കളും വിശദീകരിച്ചു.

പ്രായ പരിധി നിബന്ധനയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതു മുതൽ ജില്ലയിലെ പാർട്ടി പരിപാടികളിൽ സുധാകരനെ കാര്യമായി പങ്കെടുപ്പിക്കാറില്ല. സൈബർ അധിക്ഷേപവും ഒരു വിഭാഗം പ്രാദേശിക നേതാക്കളും പാർട്ടി അംഗങ്ങളും നടത്തിയിട്ടും നടപടിയുണ്ടാകാത്തതിലും സുധാകരന് പ്രതിഷേധമുണ്ടായിരുന്നു. ഇക്കാര്യം പല തവണ പരസ്യമായി പറഞ്ഞിട്ടും പാർട്ടി നേതൃത്വത്തിന്‍റെ  കാര്യമായ ഇടപെടൽ ഉണ്ടായില്ല. 

പാർട്ടിയോട് ചേർന്നു പോകണമെന്ന മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനകളും സുധാകരനെ ചൊടിപ്പിച്ചു. ഇതാണ് രൂക്ഷ വിമർശനവുമായി സുധാകരൻ രംഗത്തു വരാൻ കാരണം. ഇതോടെയാണ് ജി.സുധാകരനെ അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയത്. കേന്ദ്രകമ്മിറ്റി അംഗം പി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ എന്നിവർ വീട്ടിലെത്തി സുധാകരനെ കണ്ടു.

സുധാകരനെതിരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് നേതാക്കൾക്ക് കർശന നിർദേശം  നൽകിയിട്ടുണ്ടെന്ന് അവർ അറിയിച്ചു.

സുധാകരന്‍റെ പരാതികളിൽ എടുത്ത നടപടികൾ നേരിട്ട് ബോധ്യപ്പെടുത്തി. നടപടികളിൽ തൃപ്തനല്ലെന്ന് ജി സുധാകരൻ നേതാക്കളെ അറിയിച്ചു . പരസ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.

പാർട്ടിയുടെ വരാനിരിക്കുന്ന എല്ലാ പരിപാടികളിലും ജി സുധാകരന്റെ സാന്നിധ്യം ഉറപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച കുട്ടനാട്ടിൽ നടക്കുന്ന വി എസ് അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാരം വിതരണ ചടങ്ങിലേക്ക് സുധാകരനെ ക്ഷണിച്ചു.ജി സുധാകരനെയും പാർട്ടിയെയും തമ്മിൽ തെറ്റിക്കാൻ ഗൂഡനീക്കം നടക്കുന്നുണ്ടെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.

തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന ഘട്ടത്തിൽ സുധാകര നെ പോലെ സ്വാധീനമുള്ള നേതാവിനെ അകറ്റി നിർത്തുന്നത് ശരിയല്ല എന്ന ചിന്തയാണ് അനുനയ നീക്കത്തിന് പിന്നിൽ

ENGLISH SUMMARY:

The CPM (Communist Party of India (Marxist)) is actively seeking to pacify senior leader G. Sudhakaran following his public criticisms of party functionaries. Central Committee member C.S. Sujatha and District Secretary R. Nazar met with Sudhakaran after directions from the state leadership.