സജി ചെറിയാനെതിരെ ജി. സുധാകരന്‍റെ കടന്നാക്രമണത്തില്‍ പ്രതിസന്ധിയാലായി സിപിഎം. സുധാകരന്‍റെ പരസ്യവിമര്‍ശനത്തെ ഗൗനിക്കാതെ അവഗണിക്കാനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ ആലോചന. പരസ്യപ്രസ്താവനയുടെ പേരില്‍ സുധാകരനെതിരെ നടപടിയെടുത്ത് ഹീറോ പരിവേഷം നല്‍കേണ്ടെന്നാണ് നിലപാട്. പക്ഷെ പ്രാദേശിക നേതൃത്വം മറുപടി പറയും.
ആലപ്പുഴയില്‍ പ്രാദേശിക പ്രശ്നങ്ങളുടെ തുടര്‍ച്ചയായുള്ള ജി.സുധാകരന്‍റെ പൊട്ടിത്തെറി പാര്‍ട്ടിക്ക് അപ്രതീക്ഷിതമായിരുന്നു. പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കണമെന്നുള്ള സജി ചെറിയാന്‍റെ ഉപദേശമാണ് ജി സുധാകരനെ പ്രകോപിപ്പിച്ചത്. എസ് എഫ് ഐക്കാലത്തെ സംഭവങ്ങള്‍ തോണ്ടിയെടുത്ത് എ.കെ ബാലന്‍ ഇന്നലെ ഫേസ്ബുക്കില്‍ എഴുതിയത് ജി. സുധാകരനെ പ്രകോപിപ്പിക്കാനായിരുന്നു.
പ്രകോപനത്തില്‍ വീണ ജി.സുധാകരന്‍ സജി ചെറിയാനെയും ഒപ്പം എകെ ബാലനെയും കടന്നാക്രമിച്ചത് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ്. പാര്‍ട്ടിയെ പലതവണ സുധാകരന്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സജി ചെറിയാനെ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍ പാര്‍ട്ടിക്കുള്ളിലെ തന്നെ ചിലരുടെ പിന്‍തുണയുണ്ട്. ജി സുധാകരന്‍ ഇനിയും എസ് എഫ്ഐകാലത്ത് നിന്ന് മുന്നോട്ട് പോയിട്ടില്ലെന്ന് എ കെ ബാലന്‍ തിരിച്ചടിച്ചു
എന്നാല്‍ സുധാകരന്‍റെ കടന്നാക്രമണങ്ങള്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന നിലപാടിലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം. സുധാകരനെ ഗൗനിക്കാതെ അവഗണിക്കാനാണ് പാര്‍ട്ടി തീരുമാനം .എന്നാല്‍ പ്രാദേശിക നേതാക്കള്‍ ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞേക്കും.