എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) സമൻസും ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചക്കേസ് ഉൾപ്പെടെയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയം സുതാര്യമാണെന്നും, കളങ്കിതനാക്കാനുള്ള ശ്രമങ്ങൾ തന്നെ ബാധിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്നുപോലും അവനറിയില്ല

മക്കളിൽ അഭിമാനം: 'അധികാര ഇടനാഴിയിൽ കണ്ടിട്ടില്ല'

മകന് ഇ.ഡി. സമൻസ് അയച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച മുഖ്യമന്ത്രി, തന്റെ മക്കൾ ഒരു ദുഷ്പേരും ഉണ്ടാക്കിയിട്ടില്ലെന്നും അവരിൽ തനിക്ക് അഭിമാനമുണ്ടെന്നും പറഞ്ഞു. "എൻ്റെ രാഷ്ട്രീയപ്രവർത്തനം സുതാര്യമാണ്. എന്നെ കളങ്കിതനാക്കാൻ നോക്കുമ്പോൾ അവ എന്നെ ബാധിക്കില്ല. എന്റെ കുടുംബം ഒപ്പം നിന്നുവെന്നതിൽ അഭിമാനമുണ്ട്. ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ട് എന്ന് പോലും അവനറിയില്ല. എന്റെ കുടുംബാംഗങ്ങളെ അധികാരത്തിന്റെ ഇടനാഴിയിൽ നിങ്ങൾ കണ്ടിട്ടുണ്ടോ? അവർ ഒരു ദുഷ്പേരും ഉണ്ടാക്കിയില്ല, അതിൽ എനിക്ക് അഭിമാനമുണ്ട്," മുഖ്യമന്ത്രി പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്റെ ഭരണത്തിൽ അനുവദിക്കില്ലെന്നും, അതുകൊണ്ടാണ് ഉന്നതതല അഴിമതി അവസാനിപ്പിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൻസ് കിട്ടിയതായി മകൻ പോലും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. "സമൻസ് ഞങ്ങളാരും കണ്ടിട്ടില്ല. ഇങ്ങനെ ഒന്ന് കിട്ടിയതായി മകനും പറഞ്ഞിട്ടില്ല. ഒരു ബോംബ് വരുന്നുണ്ടെന്ന് ഒരാൾ പറഞ്ഞു. ഇത് നനഞ്ഞ പടക്കമായിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കവര്‍ച്ചക്കേസ്: 'ആശങ്ക വേണ്ട, ആരൊക്കെ ജയിലിൽ പോകുമെന്ന് നോക്കാം'

ശബരിമലയിലെ സ്വർണക്കവർച്ചക്കേസുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകളിൽ പ്രതികരിച്ച മുഖ്യമന്ത്രി, അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നും പൂർത്തിയാകാൻ അനുവദിക്കണമെന്നും അറിയിച്ചു.

"സ്വർണക്കവർച്ചക്കേസിൽ ആരും ആശങ്കപ്പെടേണ്ടതില്ല. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്, അത് പൂർത്തിയാകട്ടെ. അതുമായി ബന്ധപ്പെട്ട് ആരൊക്കെ വിലങ്ങണിഞ്ഞോ വിലങ്ങണിയാതെയോ ജയിലിലേക്ക് പോകുന്നത് എന്ന് നമുക്ക് നോക്കാം. അന്വേഷണം കഴിയുന്നതിനുമുമ്പ് വിധി എഴുതാൻ പോകേണ്ടതില്ല," അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അതിനാൽ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Pinarayi Vijayan addresses ED summons and Sabarimala gold theft case. He asserts his political transparency and dismisses attempts to tarnish his reputation, emphasizing his family's integrity and the ongoing investigation into the gold theft.