മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ് ലഭിച്ചോ എന്നതിൽ വ്യക്തത വരുത്താതിരുന്ന സിപിഎം സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ സ്ഥിരീകരണം. മുഖ്യമന്ത്രിയുടെ മകന് അയച്ച നോട്ടീസ് ഇ ഡി പിൻവലിച്ചു എന്നാണ് ബേബി സ്ഥിരീകരിച്ചത്. കെട്ടിച്ചമച്ച നോട്ടീസാണ് അയച്ചത്, അസംബന്ധം എന്ന് കണ്ട് അവർക്ക് തന്നെ പിൻവലിക്കേണ്ടി വന്നു എന്നാണ് എം.എ ബേബി ഇന്നലെ ചെന്നൈയിൽ പറഞ്ഞത്. സമൻസിന്റെ കാര്യത്തിൽ സിപിഎം സംസ്ഥാന നേതൃത്വം മൗനം തുടരുമ്പോഴാണ് പാർട്ടി ജനറൽ സെക്രട്ടറിയുടെ പ്രതികരണം. ബേബിയുടെ പ്രതികരണത്തോടെ ഇ ഡി നോട്ടീസ് പിൻവലിച്ചതാണോ പിൻവലിപ്പിച്ചതാണോ എന്ന ചർച്ചകളും ഉയരും.
എന്നാൽ മുഖ്യമന്ത്രിയുടെ മകന്റെ കാര്യത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം സ്വമേധയാ പ്രതികരിച്ചേക്കില്ല. മുഖ്യമന്ത്രിയുടെ മകളുടെ കേസിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയത് വിവാദമായിരുന്നു. മകന്റെ കാര്യം ഒരു വ്യക്തി എന്ന നിലയിൽ മകൻ നോക്കട്ടെ എന്നും മുഖ്യമന്ത്രിക്ക് നോട്ടീസ് വന്നാൽ പാർട്ടി പ്രതികരിക്കും എന്നുമാണ് നിലപാട്.
അതേസമയം, മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ.ഡി സമൻസ് അയച്ചതിൽ പിണറായി വിജയനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാർട്ടി നേതൃത്വത്തെ ഉൾപ്പെടെ അറിയിക്കാതെ മകന് സമൻസ് ലഭിച്ചത് രഹസ്യമാക്കി വച്ചത് എന്തിനാണെന്ന് സതീശൻ ചോദിച്ചു. തൃശൂർ പൂരം കലക്കിയതും സുരേഷ് ഗോപിയെ വിജയിപ്പിച്ചതും മകനെതിരായ നടപടികൾ ഇ.ഡി അവസാനിപ്പിച്ചതിനുള്ള പ്രത്യുപകാരമായിട്ടാണോ. മുഖ്യമന്ത്രിയുടെ മൌനം മടിയിൽ കനമുള്ളത് കൊണ്ടോണോയെന്നും സതീശൻ പ്രസ്താവനയിൽ ചോദിച്ചു.