ഷാഫി പറമ്പിൽ എം.പിക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസും യൂത്ത് കോൺഗ്രസും. പൊലീസിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി നേതാക്കൾ രംഗത്തെതി. പൊലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിൻ വർക്കി കടുത്ത മുന്നറിയിപ്പ് നൽകി. അതിക്രമം നടത്തിയ പൊലീസുകാരുടെ വീടുകളിലേക്ക് മാർച്ച് നടത്തും. കൂടാതെ, സംസ്ഥാന ഭരണകൂടത്തിനെതിരെയും പൊലീസിനെതിരെയും അദ്ദേഹം ശക്തമായ ഭാഷയിൽ ആഞ്ഞടിച്ചു. "മുഖ്യമന്ത്രിയുടെ തിരുട്ട് ഫാമിലിയാണ് കേരളം ഭരിക്കുന്നത്.". "ആ തിരുട്ട് ഫാമിലിക്ക് കാവലിരിക്കുന്ന നായ്ക്കളായി പൊലീസ് മാറിയിരിക്കുന്നു" എന്ന് അബിന്‍ വര്‍ക്കി പ്രതികരിച്ചു.
പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചു. "ഷാഫിയുടെ ചോര നിലത്ത് വീണെങ്കിൽ അതിന് പ്രതികാരം ചോദിച്ചിരിക്കും." സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും സതീശന്‍ പറഞ്ഞു. പൊലീസ് നടപടിക്ക് പിന്നിൽ സി.പി.എമ്മിന്റെ ഗൂഢാലോചനയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് ആരോപിച്ചു. "ഷാഫി പറമ്പിലിനെ ഇല്ലാതാക്കാനാണ് സി.പി.എമ്മിന്റെ നീക്കം." അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ ലോക്സഭ സ്പീക്കർ ഓം ബിർളയ്ക്ക് ഔദ്യോഗികമായി പരാതി നൽകി. യൂത്ത് കോൺഗ്രസ് നേതാവ് വിനീത് തോമസാണ് സ്പീക്കർക്ക് പരാതി നൽകിയത്. ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിലും പരാതി ഫയൽ ചെയ്തു. കോൺഗ്രസ് വക്താവായ അഡ്വ. വസന്ത് തെങ്ങുംപള്ളി ആണ് എം.പി.ക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ട് പെറ്റീഷൻ ഫയൽ ചെയ്തത്.