യോഗിയുടെ കത്ത് വായിച്ചും വർഗ്ഗീയ വെള്ളാപ്പള്ളിയുടെ കൈപിടിച്ചും പിണറായി വിജയൻ ആഗോള സംഗമം നടത്തിയപ്പോൾ ഡിവൈഎഫ്ഐയുടെ വായ്ക്ക് വാതമായിരുന്നുവെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. അയ്യപ്പന്റെ സ്വർണ്ണം കള്ളസഖാക്കൾ കട്ട് കടത്തിയത് അറിഞ്ഞിട്ടും മൗനമായിരുന്നു. ശബരിമല സ്വർണ്ണകൊള്ളയുടെ ചർച്ച മറയ്ക്കാൻ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് തൊട്ടുതീണ്ടിയില്ലാത്ത വൃത്തികേടുകൾ മുഖ്യമന്ത്രിയും എംഎൽഎമാരും പറഞ്ഞിട്ടും, ഉളുപ്പില്ലാത്ത ചിരിയുടെ അകമ്പടിയോടെ പിണറായി വിജയൻ തന്നെ അതൊക്കെ വീണ്ടും ന്യായീകരിക്കുമ്പോഴും സനോജിന്റെ നാവിന് ഒരു ഞരക്കം പോലുമുണ്ടായില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ആഹാ സഖാവുണർന്നല്ലോ എന്ന ട്രോളോടെയാണ് ഈ പോസ്റ്റ് ആരംഭിക്കുന്നത്.
ആഭ്യന്തര വകുപ്പ് ആർഎസ്എസ്സിന് അടിമ വച്ചപ്പോൾ ഇവർ അടിമ സമാന വിധേയത്വത്തിലായിരുന്നു. ആശുപത്രി ഇടിഞ്ഞു വീണ് മനുഷ്യർ മരിക്കുമ്പോഴും മരുന്നില്ലാത്ത ആശുപത്രിയിൽ അവയവം മാറിമുറിച്ച് രോഗിയെ കൊല്ലുന്ന ആരോഗ്യ വകുപ്പ് അനാസ്ഥയും ഇവർ അറിഞ്ഞതേയില്ല. വൃത്തികേടാക്കുന്ന വിദ്യാഭ്യാസ വകുപ്പും സാധാരണക്കാരെ അവഗണിക്കുന്ന സകല സർക്കാർ വകുപ്പുകളും വിവരദോഷികളായ മന്ത്രിമാരും സനോജിന്റെ കണ്ണിൽ ഇതുവരെ കണ്ടിട്ടേയില്ല. ചെയ്യാത്ത പണിക്ക് കിട്ടിയ നോക്കുകൂലിയായ മകളുടെ മാസപ്പടിയും മകന്റെ കള്ളപ്പണം വെളുപ്പിക്കലുമടക്കം മുഖ്യമന്ത്രിയുടെ തിരുട്ട് ഫാമിലിയുടെ സകല കൊള്ളകളും സനോജിന്റെ സംഘടനയുടെ ശ്രദ്ധയിൽപെട്ടില്ല പോലും!! അന്നൊക്കെ ഉപ്പിലിട്ട് അട്ടത്ത് വച്ചിരുന്ന അടിമനാവ് ഇപ്പോൾ ഞെട്ടിയുണർന്ന് വല്ലാതെയങ്ങ് ആടുന്നത് യജമാന വിധേയനായ നായ്ക്കുട്ടിയുടെ മാനം നോക്കിയുള്ള കുര പോലെ കാണാനേ തരമുള്ളൂ.
സമരമില്ലാതെ, മുദ്രാവാക്യമില്ലാതെ മൗനവൃതത്തിലായ പിണറായിപക്ഷ അടിമ സംഘടനയുടെ നേതാവിന്റെ നാവിന് ചലനമില്ലാതെ വാതം വരാതിരിക്കാൻ ഷാഫിയെ ഒന്ന് ആക്ഷേപിച്ച് തന്റെ സംഘടന ജീവനോടെ ഉണ്ടെന്ന് അനക്കമറിയിക്കുന്നതാണ് ഈ വിലകുറഞ്ഞ ആരോപണം. ഇടത്
രാഷ്ട്രീയമെന്തെന്ന് മറന്നുപോയ, ജനപക്ഷ രാഷ്ട്രീയത്തിന്റെ സാക്ഷരതയില്ലാത്ത ഡിവൈഎഫ്ഐ ഇനിയും മരിച്ചിട്ടില്ലെന്ന് മലയാളികളെ ഓർമ്മപ്പെടുത്താൻ മാത്രമാണ് ഈ നിലവാരമില്ലാത്ത പ്രസ്താവന. മുഖ്യമന്ത്രിയുടെ ഇസ്തിരിയിട്ട് വച്ച വസ്ത്രങ്ങളിൽ മൂത്രമൊഴിച്ചു പ്രതിഷേധിച്ച ക്ലിഫ് ഹൗസിലെ മരപ്പട്ടിയുടെ വിപ്ലവബോധമെങ്കിലും ഇവർക്ക് ഉണ്ടായിരുന്നുവെങ്കിൽ! പിണറായിയുടെ മുന്നിൽ ഹൗളിംഗിട്ട് പ്രതിഷേധിച്ച മൈക്കിന്റെ എങ്കിലും ആർജ്ജവം ഇവർക്കുണ്ടായെങ്കിൽ!!
ജീവനുണ്ടെന്ന് സാക്ഷ്യപ്പെടുത്താൻ മാത്രം തെരുവിൽ തല്ലുണ്ടാക്കാനും കൊള്ളാവുന്നവരെ തെറിവിളിക്കാനും മാത്രവശേഷിക്കുന്ന, ആശയപരമായി എന്നേ മരിച്ച ഈ യുവജന സംഘടനയ്ക്ക് ആദരാഞ്ജലികൾ.– ജിന്‍റോ ട്രോളുന്നു.