congress

TOPICS COVERED

സ്വര്‍ണക്കടത്ത്– ലൈഫമിഷന്‍ കോഴ കേസ് എങ്ങും എത്താത്തതില്‍ സിപിഎം  ബിജെപി ഡീല്‍ ആരോപിച്ച് കോണ്‍ഗ്രസ്.   മുഖ്യമന്തിയുടെ മകന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  സമന്‍സ് അയച്ചത് രഹസ്യമാക്കിയത് എന്തിനെന്നും ഇഡി മറുപടി പറയണമെന്നും  എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി .വേണുഗോപാല്‍ ആവശ്യപ്പെട്ടു. സമന്‍സ് ആവിയായി പോയോ എന്ന് രമേശ് ചെന്നിത്തല വിമര്‍ശനം ഉയര്‍ത്തി. സമന്‍സ് അയച്ചത് അറിയില്ലെന്ന നിലപാടെടുത്ത് ഒഴിഞ്ഞുമാറുകയാണ്  സിപിഎം നേതാക്കള്‍. 

മുഖ്യമന്ത്രിയുടെ മകന്‍ വിവേകിന് 2023 ഫെബ്രുവരി 14 ന് ഹാജരാകാന്‍ ഇ.ഡി  സമന്‍സ് നല്‍കി, വിവേക് ഹാജരായില്ല എന്ന മലയാള മനോരമ വാര്‍ത്തയാണ് രാഷ്ട്രീയ രംഗം ഒന്നടങ്കം ചര്‍ച്ചചെയ്യുന്നത്. വിവേക് ഹാജരാകാതിരുന്നിട്ടും  കേന്ദ്ര ഏജന്‍സിയില്‍ നിന്ന്  ഒരു തുടര്‍നടപടിയും വരാത്തതെന്താണെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യം. ആരെയെങ്കിലും വിളിപ്പിച്ചാല്‍ പരസ്യം ചെയ്യുന്നവര്‍ ഇത് രഹസ്യമാക്കിയതെന്തിനെന്ന് കെ.സി. വേണുഗോപാല്‍ എം.പി ചോദിച്ചു. 

സ്വര്‍ണക്കടത്ത്– ലൈഫ് മിഷന്‍കൈക്കൂലി കേസുകളില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പണ്ടേപറഞ്ഞതാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംങ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.  മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ അന്വേഷണം ടോം ആന്‍ഡ് ജെറി പോലെയാണ്. ഇവരെ സഹായിക്കുന്നത് കേന്ദ്ര ഏജന്‍സികളാണെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.  ഇ.ഡി. സമന്‍സിനെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് മന്ത്രി പി.രാജീവ് ഒഴിഞ്ഞുമാറി. സര്‍വ്വത്ര ദുരൂഹമായ സ്വര്‍ണക്കടത്ത്– ലൈഫ്മിഷന്‍കോഴ കേസ് ഒരിടവേളക്കുശേഷം വീണ്ടും ഫോക്കസിലേക്ക് വരുമ്പോള്‍ മുഖ്യമന്ത്രിയും സിപിഎമ്മും പതിവുപോലെ പ്രതിപക്ഷത്തെ വിമര്‍ശിച്ച് ഒഴിഞ്ഞുമാറുമോ അതോ വ്യക്തമായ ഉത്തരം നല്‍കുമോ എന്നണ് ഇനി കാണേണ്ടത്.

ENGLISH SUMMARY:

Kerala Gold Smuggling Case: Congress alleges CPM BJP deal in stalled gold smuggling and LIFE Mission bribery case. The party questions ED's silence on summons to CM's son and accuses central agencies of aiding the accused.