ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കൂട്ടപ്രാര്‍ഥനയ്ക്ക് തയാറെടുത്ത് കോണ്‍ഗ്രസ്. തമിഴ്മാട്,ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ ഭക്തരെ അണിനിരത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ  വിശ്വാസ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു വേണുഗോപാല്‍. കട്ടെടുത്ത സ്വര്‍ണം ആരുടെ കയ്യാലാണെന്ന് മന്ത്രിസഭ വ്യക്തമാക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. അയ്യപ്പ സന്നിധിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കാന്‍ ഭരണകക്ഷിക്കുമാത്രമേ കഴിയൂ എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പറഞ്ഞു.

നിയമസഭക്ക് അകത്തും പുറത്തും ശബരിമല വിഷയം കത്തിച്ചു നിറുത്താനാണ് പ്രതിപക്ഷത്തിന്‍രെ നീക്കം. നിയമസഭയില്‍ പ്രതിഷേധം ശക്തമാക്കുന്ന കാഴ്ചയാണ് ഇന്നും കണ്ടത്. ചോദ്യോത്തരവേളയില്‍ തന്നെ നടുത്തളത്തില്‍ ഇറങ്ങിയ  പ്രതിപക്ഷം മന്ത്രി വി.എന്‍ വാസവന്‍ രാജിവെക്കണം, ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പുറത്താക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു.  നടുത്തളത്തിലെ പ്രതിഷേധം ചോദ്യോത്തര വേളയില്‍ തന്നെ ആരംഭിച്ചു പ്രതിപക്ഷം. ഒപ്പം  മുഖ്യമന്ത്രിയുടെ ഇന്നലത്തെ അധിക്ഷേപവാക്കുകള്‍ കൂടി പരാമര്‍ശിച്ചതും പ്രതിപക്ഷ നേതാവിന്‍റെ വോക്ക് ഒൗട്ട് പ്രസംഗത്തില്‍ സ്പീക്കറുടെ ഇടപെടല്‍ വന്നു. ഇതിനിടെ ഇന്നലെ വാച്ച് ആന്‍ഡ് വാര്ഡിന് പരുക്കേറ്റു എന്നും സ്പീക്കര്‍ പറഞ്ഞു. 

അതേസമയം, സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്  മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വക്കീൽ നോട്ടിസ് അയച്ചു. സ്വർണ്ണംപൂശിയ ദ്വാരപാലക ശില്പങ്ങൾ ഒരു കോടീശ്വരന് വിറ്റത് കടകംപ്പള്ളിക്ക് അറിയാമെന്ന സതീശന്റെ പ്രസ്താവനയ്ക്കെതിരെയാണ് നോട്ടിസ്. പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ രണ്ടു കോടി രൂപയുടെ നഷ്ടപരിഹാരത്തിന് കേസ് നേരിടേണ്ടി വരുമെന്നാണ് നോട്ടിസിലെ മുന്നറിയിപ്പ്. 

ENGLISH SUMMARY:

Sabarimala gold controversy is currently a major talking point. The opposition is planning intense protests in the assembly regarding this issue.