ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഇടപെടലുണ്ടോയെന്ന് സംശയമുണ്ടെന്ന മന്ത്രി വാസവന്‍റെ പ്രതികരണത്തെ ട്രോളി കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. പോറ്റിയുടെ പിന്നിൽ സതീശനാണത്രേ! അമേരിക്കൻ ഗൂഡാലോചന എന്നോ മറ്റോ പറയാതിരുന്നത് മഹാഭാഗ്യം!! ജമാഅത്തെ ഇസ്ലാമി, ട്രമ്പ്, സാമ്രാജ്യത്വ ആഗോള കുത്തകകൾ എല്ലാം തല്ക്കാലം രക്ഷപ്പെട്ടു– ജിന്‍റോ പരിഹാസരൂപേണ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഹോ... ഭയങ്കരൻ തന്നെ! സ്കോട്ലാൻഡ് യാർഡിൽ പരിശീലനം സിദ്ധിച്ച ഡിറ്റെക്റ്റീവ് ആണെന്ന് തോന്നുന്നു. അല്ലെങ്കിൽ പിന്നെ, ഈ സഖാക്കൾക്ക് തലക്ക് സാരമായ എന്തോ തകരാറുണ്ട്. (ആരോഗ്യ മന്ത്രിയെ വിളിക്കൂ... വാസേട്ടനെ രക്ഷിക്കൂ. തലയൊന്നും മുറിച്ചു മാറ്റിയേക്കല്ലേ). ഇവറ്റകൾ വിവരം കെട്ടവരായി അഭിനയിക്കുന്നതാണോ. അതോ ശരിക്കും അങ്ങനെയാണോ? അതുമല്ലെങ്കിൽ വിശ്വാസികളെ വഞ്ചിച്ച് വഞ്ചിച്ച് വെളിവ് നഷ്ടപ്പെട്ടതാണോ?
പിണറായി ഭരണത്തിൽ പൂശി പൂശി ശാസ്താവിന്റെ സ്വർണ്ണം ചെമ്പാക്കി മാറ്റി. അമ്പല കള്ളന്മാരെ പത്തുകൊല്ലം പോറ്റിവളർത്തി. ദേവസ്വം വിജിലൻസ് റിപ്പോർട്ട് ആറ് വർഷക്കാലം പൂഴ്ത്തി. എന്നിട്ടിപ്പോൾ ഒരു വെളിപാട് ഉണ്ടായി. പോറ്റിയുടെ പിന്നിൽ സതീശനാണത്രേ! ഈ പറഞ്ഞത് എല്ലാവരും വിശ്വസിക്കണമെന്ന് ഒരു സർക്കുലർ കൂടി ഇറക്കണം ബഹുമാനപ്പെട്ട മന്ത്രിയങ്ങുന്നേ. – ജിന്‍റോ പരിഹസിക്കുന്നു.
സതീശനും ഉണ്ണികൃഷ്ണൻ പോറ്റിക്കും ഒരേ സ്വരമാണെന്നും, ഗൂഢാലോചന സംശയിക്കുന്നുവെന്നും മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി എന്തുപറയുന്നു അതുതന്നെ പ്രതിപക്ഷനേതാവും പറയുന്നു. ഇവർ തമ്മിലുള്ള ബന്ധവും അന്വേഷിക്കും. യുഡിഎഫ് കാലത്തും അഴിമതി ഉണ്ടായിട്ടുണ്ട്. അതുകൂടി ചേർത്ത് അന്വേഷിച്ച് എല്ലാ കാര്യങ്ങളും പുറത്തു വരട്ടെയെന്നും സമഗ്രമായ അന്വേഷണം വേണമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചതെന്നും വാസവന്‍ പറഞ്ഞിരുന്നു.