എം.എല്‍.എ. പി.വി. ശ്രീനിജനും സിപിഎം നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്‍റി ട്വന്‍റി നേതാവ് സാബു എം ജേക്കബ്. ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ഥിയാകാന്‍ പി.വി. ശ്രീനിജിന്‍ സമീപിച്ചുവെന്നും മന്ത്രി പി. രാജീവും, മുന്‍ സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും രസീതില്ലാതെ പണം കൈപ്പറ്റിയെന്നുമാണ് ആരോപണം. സാബുവിന്‍റെ പരാമര്‍ശങ്ങള്‍ക്ക് സമൂഹമാധ്യമത്തിൽ ശ്രീനിജിൻ മറുപടി നല്‍കിയതോടെ ഇരുവരും തമ്മിലുള്ള പോര് മൂർച്ഛിച്ചു.
കോലഞ്ചേരിയില്‍ നടന്ന ഇലക്ഷന്‍ കണ്‍വന്‍ഷനിലാണ് സാബു ജേക്കബ് ശ്രീനിജിനെ രൂക്ഷമായി വിമര്‍ശിച്ചത്. സാബു ജേക്കബിനെ പരിഹസിച്ച് ശ്രീനിജൻ സമൂഹമാധ്യമത്തിൽ മറുപടിയായി പോസ്റ്റിട്ടു. പുതിയ തള്ളുമായി സാബു ജേക്കബ് ഇറങ്ങിയിട്ടുണ്ട് എന്ന കുറിപ്പിനൊപ്പം, കളിയാക്കിയുള്ള ചിത്രങ്ങളും പോസ്റ്റിനൊപ്പം ചേർത്തു. CPMനേതാക്കൾക്കെതിരെയും സാബു ജേക്കബ് രൂക്ഷ വിമർശനം ഉന്നയിച്ചു.
ആരോപണങ്ങൾക്ക് മന്ത്രി പി.രാജീവോ, സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം C.N. മോഹനനോ മറുപടി പറഞ്ഞിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്വന്‍റി 20യുടെ ശക്തികേന്ദ്രത്തിൽ - ട്വന്‍റി 20 - CPM നേതാക്കളുടെ വാക് പോരിന് പുതിയ മാനങ്ങളും കൈവരികയാണ്.