കൂത്തുപറമ്പ് എം.എൽ.എ. കെ.പി. മോഹനനെതിരെ കയ്യേറ്റ ശ്രമം നടത്തിയ സംഭവത്തിൽ 25 പേർക്കെതിരെ ചൊക്ലി പൊലീസ് സ്വമേധയാ കേസെടുത്തു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് എം.എൽ.എയെ തടഞ്ഞതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ഡയാലിസിസ് സെന്റർ സമരസമിതി അംഗങ്ങൾ എം.എൽ.എയുടെ വാഹനം തടയുകയും അദ്ദേഹത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. കരിയാട് പ്രവർത്തിക്കുന്ന 'തണൽ' ഡയാലിസിസ് സെന്ററിൽ നിന്നുള്ള മാലിന്യം കുടിവെള്ളത്തിൽ കലരുന്നതിനെതിരെ രണ്ടര വർഷമായി സമരത്തിലാണ് നാട്ടുകാർ. വിഷയത്തിൽ എം.എൽ.എ. ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സംഭവത്തിൽ തനിക്ക് മർദനമേറ്റിട്ടില്ലെന്നും പരാതി നൽകുന്നില്ലെന്നും എം.എൽ.എ. പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, ബലപ്രയോഗം അംഗീകരിക്കാനാകില്ലെന്ന ആർ.ജെ.ഡി.യുടെ നിലപാടിന് പിന്നാലെയാണ് ചൊക്ലി പൊലീസ് 25 പേർക്കെതിരെ സ്വമേധയാ കേസെടുത്തത്.