ബിനോയ് വിശ്വത്തിന് താല്‍പര്യമില്ലാതിരുന്നിട്ടും പ്രകാശ് ബാബുവിനെ സിപിഐ ദേശീയ സെക്രട്ടേറിയേറ്റിൽ എത്തിച്ചത് പാർട്ടി ജില്ലാഘടകങ്ങളുടെ കടുത്ത സമ്മർദവും ദേശീയ നേതൃത്വത്തിന്റെ ഇടപെടലും. പ്രകാശ് ബാബുവിന് പുറമേ മറ്റൊരാൾക്ക് കൂടി സെക്രട്ടേറിയേറ്റിൽ അവസരം കിട്ടാനുള്ള സാധ്യത കുറഞ്ഞതോടെയാണ് വിശ്വസ്തനായ പി.സന്തോഷ്കുമാറിനു വേണ്ടി ബിനോയ് വിശ്വം ഒഴിഞ്ഞതെന്ന സംശയം ബലപ്പെടുകയാണ്. പ്രകാശ് ബാബുവും പി.സന്തോഷ് കുമാറും ദേശീയ രാഷ്ട്രീയത്തിൽ ബിനോയ് വിശ്വത്തേക്കാൾ കൂടുതൽ കരുത്തരാകുന്നത് പാർട്ടി സംസ്ഥാന ഘടകത്തിലും ചലനമുണ്ടാക്കും
പലതവണ അവഗണിക്കപ്പെട്ട പ്രകാശ് ബാബു ഇത്തവണ ദേശീയ സെക്രട്ടേറിയറ്റിലെത്തിയത് കേരളത്തിലെ ഭൂരിപക്ഷം ജില്ലാ ഘടകങ്ങളുടെയും കടുത്ത സമ്മർദം മൂലമാണ്. പ്രകാശ് ബാബുവിനെ ഒഴിവാക്കാനുള്ള ബിനോയ് വിശ്വത്തിന്റെ നീക്കം ഫലം കണ്ടില്ല. കേരളത്തിലെ ഭൂരിപക്ഷം ജില്ലാ ഘടകങ്ങളും പ്രകാശ് ബാബുവിനുവേണ്ടി വാദിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ ധാരണയും പ്രകാശ് ബാബുവിന് ഒപ്പമായിരുന്നു. പ്രകാശ് ബാബുവിനെ ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രനേതൃത്വവും ജില്ലാ ഘടകങ്ങളും ഒരുമിച്ച് നിലപാടെടുത്തതോടെയാണ് ബിനോയ് വിശ്വത്തിന്റെ എതിർപ്പ് തള്ളി പ്രകാശ് ബാബു ദേശീയ സെക്രട്ടേറിയറ്റിലേക്ക് എത്തിയത്. അതേസമയം പി.സന്തോഷ് കുമാറിന് വഴിയൊരുക്കാൻ വേണ്ടിയാണ് ബിനോയ് വിശ്വം ദേശീയ സെക്രട്ടറിയേറ്റിൽനിന്ന് ഒഴിഞ്ഞത്. ബിനോയ് തുടർന്നിരുന്നെങ്കിൽ സന്തോഷ് ഒഴിവാക്കപ്പെടുമായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ സ്വമേധയാ ഒഴിഞ്ഞതെന്നാണ് ബിനോയ് വിശ്വത്തിന്റെ വാദം.
ബിനോയ് വിശ്വത്തിന്റെ അനുഗ്രഹാശിസുകളോടെ ദേശീയ സെക്രട്ടേറിയറ്റിലെത്തിയ പി.സന്തോഷ് കുമാർ എംപി സിപിഐ നേതൃനിരയിലെ കരുത്തനായി