സര്‍ക്കാര്‍ അനുകൂല നിലപാട് പരസ്യമാക്കിയതിന് പിന്നാലെ സമുദായ സംഘടനകളെ അനുനയിപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസും ബി.ജെ.പിയും. സുകുമാരന്‍ നായര്‍ വര്‍ഗീയവാദികള്‍ക്കെതിരായ നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും യു.ഡി.എഫിന് അസ്വസ്ഥതയില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ബി.ജെ.പി നേതാവ് വി.മുരളീധരന്‍ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി.
ആഗോള അയ്യപ്പസംഗമത്തിലെ ഒഴിഞ്ഞ കസേര നാണക്കേടായെങ്കിലും 2018ന് ശേഷം ആദ്യമായി എന്‍.എസ്.എസ് അനുകൂലനിലപാടെടുത്തെന്നത് നേട്ടമായി കാണുകയാണ് സര്‍ക്കാര്‍. എസ്.എന്‍.ഡി.പിയും ഒപ്പമെന്ന ആത്മവിശ്വാസത്തോടെയാണ് തദേശതിരഞ്ഞെടുപ്പിലേക്ക് സി.പി.എം കടക്കുന്നത്. സുകുമാരന്‍ നായരുടെ അപ്രതീക്ഷിത നിലപാട് മാറ്റത്തിലെ ക്ഷീണം മാറ്റാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. സുകുമാരന്‍ നായരുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് തന്നെ അദേഹത്തിന്‍റെ ദേഷ്യം തണുപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഇന്നുണ്ടായത്.
എന്‍.എസ്.എസിനെ അനുനയിപ്പിക്കുന്നതിനൊപ്പം സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്ന വിശ്വാസി സ്നേഹം കപടമെന്ന് കടന്നാക്രമിക്കാനുമാണ് കോണ്‍ഗ്രസ് തീരുമാനം. അതുവഴി എന്‍.എസ്.എസിലെ പരമ്പരാഗത വോട്ടുകള്‍ നഷ്ടമാവില്ലെന്ന് ഉറപ്പിക്കാമെന്നും കരുതുന്നു. അതിനിടെ സുകുമാരന്‍ നായരുടെ നിലപാട് മാറ്റം ബി.ജെ.പിക്ക് ക്ഷീണമല്ലെന്നും തിരിച്ചടി മുഴുവന്‍ കോണ്‍ഗ്രസിനെന്നുമാണ് ബി.ജെ.പിവിലയിരുത്തല്‍. പക്ഷെ എസ്.എന്‍.ഡി.പിയെ അനുനയിപ്പിക്കുകയാണ് ലക്ഷ്യം. അതിനായി വി.മുരളീധരന്‍ വെള്ളാപ്പള്ളിയെ നേരില്‍കണ്ടു.