സി.പി.എം. നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണത്തിലും അപവാദ പ്രചരണത്തിലും കെ.എം.ഷാജഹാനെതിരെ നടപടി കടുപ്പിച്ച് പൊലീസ്. ഷൈൻ നൽകിയ രണ്ടാമത്തെ പരാതിയിൽ ഷാജഹാനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു. നടപടിയിൽ പൊലീസിന് സല്യൂട്ടെന്ന് കെ.ജെ.ഷൈൻ പ്രതികരിച്ചു.
കെ.ജെ.ഷൈൻ നൽകിയ ആദ്യ പരാതിയിൽ എടുത്ത കേസിൽ രണ്ടാം പ്രതിയായ കെ.എം.ഷാജഹാനെ ആറുമണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന് ശേഷമാണ് മറ്റൊരു വിഡിയോയുടെ പേരിൽ ഷാജഹാനെതിരെ ഷൈൻ പരാതി നൽകിയത്. ഈ പരാതിയിൽ എടുത്ത കേസിലാണ് ഷാജഹാനെ ഇന്നലെ തിരുവനന്തപുരം ആക്കുളത്തെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യം ആവർത്തിച്ചത് ഗൗരവമായാണ് പൊലീസ് കാണുന്നത്. അതിനാലാണ് ജാമ്യമില്ല വകുപ്പ് പ്രകാരം ഷാജഹാനെതിരെ കേസെടുത്തത്. പുലർച്ചെ എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
നിലവിൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്ന ഷാജഹാനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഷാജഹാന്‍റെ അറസ്റ്റിൽ പൊലീസിനെ അഭിനന്ദിച്ചും, സർക്കാരിന് നന്ദി പറഞ്ഞുമായിരുന്നു കെ.ജെ.ഷൈനിന്‍റെ പ്രതികരണം. അതേസമയം ഷൈനിന്‍റെ പരാതിയിൽ എടുത്ത കേസിൽ കൂടുതൽ സമൂഹമാധ്യമ അക്കൗണ്ടുകൾ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.