New Delhi 2025 August 05 : VD Satheesan ( Leader of the Opposition (UDF) in the 15th Kerala Legislative Assembly) at Kerala House , New Delhi . @ Rahul R Pattom
എന്‍.എസ്.എസുമായോ എസ്.എന്‍.ഡി.പിയുമായോ ഒരു തര്‍ക്കവും ഇല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. അയ്യപ്പസംഗമത്തില്‍ പങ്കെടുത്തത് അവരുടെ സ്വാതന്ത്യം. സംഗമത്തില്‍ പോകേണ്ടെന്നത് രാഷ്ട്രീയതീരുമാനം. എന്‍എസ്എസുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നും അവര്‍ സമദൂരത്തില്‍ മാറിയതായി അറിയില്ല. ആചാരസംരക്ഷണത്തിന് ഉണ്ടായിരുന്നത് കോണ്‍ഗ്രസ്. സര്‍ക്കാരിന്റെ മുന്‍ നിലപാടില്‍ ഒരുമാറ്റവും വന്നിട്ടില്ലെന്നും കേസുകള്‍ പിന്‍വലിക്കാന്‍ തയാറായിട്ടില്ലെന്നും സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. 2026ല്‍ കനത്ത തോല്‍വി ഭയന്നാണ് സംഗമം സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എല്ലാക്കാലത്തും എന്‍.എസ്.എസുമായി ബന്ധമാണെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. ആശയക്കുഴപ്പമുണ്ടെങ്കില്‍ അത് പരിഹരിക്കും. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വ്യത്യസ്ത നിലപാട് എടുക്കാം, സമുദായസംഘടനകളുടെ നിലപാട് വ്യത്യസ്തമാകാം. സമദൂരസിദ്ധാന്തം തുടരുമെന്ന് സുകുമാരന്‍നായര്‍ പറഞ്ഞിട്ടുണ്ടെന്നും കെ.സി.വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.
ശബരിമല പ്രശ്നത്തില്‍ കോണ്‍ഗ്രസ് വിശ്വാസവഞ്ചന കാട്ടിയിട്ടില്ലെന്ന് കെ.മുരളീധരനും പ്രതികരിച്ചു. എന്‍.എസ്.എസിനെ വിമര്‍ശിക്കാനില്ല. കോണ്‍ഗ്രസ് നയത്തില്‍ മാറ്റമില്ല. സര്‍ക്കാര്‍ എന്ത് നിലപാടാണ് മാറ്റിയതെന്നും കെ. മുരളീധരന്‍ ചോദിച്ചു. വിശ്വാസ സംരക്ഷണത്തിൽ എൻഎസ്എസുമായി ഒരുമിച്ചാണെന്നും എൻഎസ്എസുമായിട്ട് കോൺഗ്രസ് ഒരു തർക്കവുമില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണനും വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സർക്കാരാണ് യുടേൺ മറിഞ്ഞത്. സർക്കാർ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലവും കേസുകളും പിൻവലിക്കാന്‍ തയാറാണോ. ശബരിമലയില്‍ മനപൂര്‍വം കലഹത്തിന് ശ്രമിച്ചത് പിണറായി സര്‍ക്കാരെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.
സിപിഎമ്മിന് ഈശ്വരവിശ്വാസമുണ്ടോയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചോദിച്ചു. ശബരിമലയില്‍ ആത്മാര്‍ഥ നിലപാടുള്ളത് കോണ്‍ഗ്രസിനാണ്. ശബരിമലയില്‍ പോകുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും സണ്ണി ജോസഫ് മലപ്പുറത്ത് പറഞ്ഞു.
എന്‍എസ്എസ് ഇതുവരെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം,എ.സലാം പ്രതികരിച്ചു. അയ്യപ്പസംഗമത്തിൽ പങ്കെടുത്താല്‍ രാഷ്ട്രീയ സഹകരണമാവില്ല. എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി പക്വമായ നിലപാട് സ്വീകരിക്കുമെന്നും സലാം പറഞ്ഞു.
അതേസമയം, സമദൂരം വിട്ട് ഇടതിനോട് അടുക്കുന്ന എൻഎസ്എസ് നിലപാടിൽ കോൺഗ്രസിനുള്ളിൽ കടുത്ത ആശങ്കയുണ്ട്. തിരക്കിട്ട ചർച്ചകൾക്കൊടുവിൽ, എൻഎസ്എസിനെ അനുനയിപ്പിക്കാൻ നേതൃത്വം തീരുമാനിക്കുകയും ചെയ്തു. എൻഎസ്എസ് സെക്രട്ടറി ജി സുകുമാരൻ നായരുമായി കെ.സി വേണുഗോപാൽ കുടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാൽ ചർച്ച നടത്താമെന്ന നിലപാടിലാണ് എൻഎസ്എസുമായി അടുപ്പം പുലർത്തുന്ന രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിലെ നിലപാട് നേരിട്ട് വ്യക്തമാക്കുന്നതിനൊപ്പം വിശ്വാസ സമൂഹത്തോടൊപ്പമാണ് കോൺഗ്രസും യുഡിഎഫും നിൽക്കുന്നതെന്നും എൻഎസ്എസിനെ ധരിപ്പിക്കും.