രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ എംഎല്‍എ ഓഫീസില്‍ എത്തിയപ്പോള്‍
പാലക്കാട് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി പാര്‍ട്ടി സഹകരിക്കില്ലെന്ന് പാലക്കാട് ഡിസിസി. സസ്പെന്‍ഷനിലായതിനാല്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് ഡിസിസി പ്രസിഡന്‍റ് എ.തങ്കപ്പന്‍ പറഞ്ഞു. എംഎല്‍എ എന്നനിലയിലും സഹകരിക്കില്ല, ജനം സഹകരിച്ചേക്കും. പരിചയക്കാര്‍ കണ്ടാല്‍ ചിരിക്കുന്നത് സ്വാഭാവികം. അതിനപ്പുറം ഒരു പിന്തുണയുമില്ലെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. എന്നാല്‍ എംഎല്‍എ എന്ന നിലയില്‍ രാഹുലിന് മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാം. രാഹുലിന് ഊരുവിലക്ക് ഇല്ലെന്നും തങ്കപ്പന്‍ വ്യക്തമാക്കി.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്നും പ്രതിഷേധം തുടരാൻ തന്നെയാണ് ഡിവൈഎഫ്ഐെയുടേയും ബിജെപിയുടേയും തീരുമാനം. മരണവീടുകളിലും സ്വകാര്യ പരിപാടികളിലുമാണ് രാഹുൽ ഇന്നലെ പങ്കെടുത്തത്. എംഎൽഎ ഓഫീസിലും എത്തിയിരുന്നു. ഇന്നും അതു തുടരാനാണ് സാധ്യത. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് പാലക്കാട് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ച് ബിജെപി പ്രതിഷേധം തുടർന്നപ്പോൾ കോളാമ്പി കെട്ടിയുള്ള പ്രതിഷേധ സമരമായിരുന്നു ഡിവൈഎഫ്ഐയുടെ ഭാഗത്തു നിന്നുണ്ടായത്.