അമീബിക് മസ്തിഷ്ക ജ്വരത്തിലെ അടിയന്തരപ്രമേയ ചർച്ച രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിക്കാനുള്ള അവസരമാക്കി ഭരണപക്ഷ എം.എൽ.എമാർ. റാന്നി എംഎൽഎ പ്രമോദ് നാരായണനാണ് വിമർശനങ്ങൾക്ക് തുടക്കമിട്ടത്. ശിശുഹത്യയിൽ പാപബോധം തോന്നാത്തവർക്കൊപ്പം ഇരിക്കുന്നവർക്ക് സ്ത്രീയായ മന്ത്രിയെ ആക്ഷേപിക്കുന്നതിൽ ആനന്ദം തോന്നും. ആ ആനന്ദത്തിന് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ കേരളത്തിലെ ജനങ്ങൾ മരുന്ന് നൽകിയെന്നും ആ മരുന്ന് അവർക്കിനിയും ലഭിക്കുമെന്നും എംഎൽഎ പറഞ്ഞു.

ഒരു കുഞ്ഞിനെയും കൊല്ലുന്നതല്ല സർക്കാർ നയമെന്നും ശിശുഹത്യയിൽ ഒരു പാപബോധവും തോന്നാത്തവർക്ക് ഒപ്പമിരിക്കുന്നവരാണ് പ്രതിപക്ഷമെന്നും കോങ്ങാട് എം.എൽ.എ ശാന്തകുമാരി വിമർശിച്ചു. ജന്മിത്ത കാലത്ത് സംബന്ധം കൂടാൻ നടക്കുന്നതുപോലെ നാടുനീളെ നടന്ന് രാഹുൽ മാങ്കൂട്ടത്തിൽ ബന്ധം ഉണ്ടാക്കുന്നുവെന്ന് ശാന്തകുമാരി കളിയാക്കി.

തുടർന്ന് സംസാരിച്ച കെ.യു. ജനീഷ് കുമാറും, രാഹുൽ മാങ്കൂട്ടത്തിനെതിരെയും പ്രതിപക്ഷത്തിനെതിരെയും പരിഹാസമുയർത്തി. ചില എംഎൽഎമാരൊക്കെ ഉറങ്ങാൻ പോലും പാരസെറ്റമോളും സിട്രിസനും ഒക്കെ കഴിക്കുന്നതായിട്ടാണ് പുറത്തുവരുന്ന വിവരമെന്ന് അദ്ദേഹം പറഞ്ഞു. മരുന്ന് ലഭിക്കുന്നില്ല എന്ന് പ്രതിപക്ഷനിരയിലെ ഏതെങ്കിലും എംഎൽഎമാർക്ക് ഇപ്പോൾ പറയാൻ ധൈര്യമുണ്ടോയെന്നും ചിലർ യഥാർത്ഥ എംഎൽഎമാരാണോ വ്യാജന്മാരാണോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.