ശബരിമല യുവതി പ്രവേശത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇന്നത്തെ പരിതസ്ഥിതിയില്‍ നിന്ന്  എടുത്ത ഉചിതമായ തീരുമാനമെന്നും ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികളെ എതിരാക്കുന്ന നിലപാട് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടെടുത്തിരുന്നു.  യുവതീപ്രവേശത്തെ അനുകൂലിക്കുന്ന നിലപാട് തിരുത്താനും എല്‍ഡിഎഫിലെ ഘടകകക്ഷികളുമായി കൂടിയാലോചന നടത്താനുമായിരുന്നു സിപിഎം തീരുമാനം. ഇതിനോടാണ് ഗോവിന്ദന്‍റെ പ്രതികരണം. 

ഇന്നത്തെ പരിതസ്ഥിതിയിൽ എടുക്കേണ്ട ഉചിതമായ നിലപാട് നിയമ വശങ്ങൾ പരിശോധിച്ച് തീരുമാനിക്കുമെന്നാണ് എം.വി ഗോവിന്ദന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. ആചാരപരവും വിശ്വാസപരവുമായ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് കോടതികളോ സർക്കാരോ അല്ലെന്നും അതുമായി ബന്ധപ്പെട്ട ഫലപ്രദമായ അറിവുള്ളവരാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

 'ആചാരം സംബന്ധിച്ച വിഷയങ്ങള്‍ ഭരണഘടനാപരമായ പ്രശ്നം മാത്രമല്ല. സാമൂഹികവും പരിതസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധിയായ പ്രശ്നങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടത് സര്‍ക്കാരോ കോടതിയോ അല്ല മറിച്ച് അതുമായി ബന്ധപ്പെട്ട് അറിവുവള്ള ആളുകളാണ്. ഇതാണ് അന്നേ പറഞ്ഞ നിലപാട്, ആ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്'  എന്നായിരുന്നു ഗോവിന്ദന്‍റെ വാക്കുകള്‍. അതായത് നേരത്തെ എടുത്ത നിലപാട് യുവതി പ്രവേശം അനുവദിക്കണം എന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണെന്ന് വ്യക്തം. 

ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നേരത്തേ നിലപാടെടുത്തിരുന്നു. ആചാര സംരക്ഷണത്തിനായാണ് ബോര്‍ഡ് തന്നെ രൂപീകരിച്ചതെന്നും വിശ്വാസികള്‍ക്കൊപ്പാണ് ബോര്‍ഡ് നിലകൊള്ളുകയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

അതേസമയം, ശബരിമല യുവതി പ്രവേശനത്തില്‍ ജനവിധി മറികടക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കാപട്യം ജനങ്ങള്‍ക്ക് അറിയാമെന്നും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. ചില നാടകങ്ങളും അഭ്യാസങ്ങളും നടത്തുന്നു. നയങ്ങൾ തെറ്റായിരുന്നു എന്ന് സിപിഎം വ്യക്തമാക്കണമെന്നും നവോഥാന സദസ് പിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Sabarimala women entry continues to be a focal point as CPM state secretary MV Govindan reiterates the party's unchanged stance, asserting their commitment to the affidavit. He clarified that decisions regarding religious practices should be made by those knowledgeable in the customs, not solely by courts or the government.