ഫയല്‍ ചിത്രം
രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചിട്ടില്ലെന്ന് മുന്‍മുഖ്യമന്ത്രി എ.കെ.ആന്‍റണി. ‘ഇപ്പോള്‍ സജീവമല്ലെന്നേയുള്ളു. മരണം വരെ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ല. കാരണം മരിക്കുന്നത് കോണ്‍ഗ്രസുകാരനായി മരിക്കണം എന്ന് എനിക്കുണ്ട്. – ആന്‍റണി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞും ജീവിച്ചിരുന്നാല്‍ പലകാര്യങ്ങളും പറയണമെന്ന് കരുതിയിരുന്നതാണ്. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ചില സംഭവങ്ങളെക്കുറിച്ച് ഇപ്പോഴത്തെ ഭരണപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ടാണ് നേരത്തേ സംസാരിക്കാന്‍ തീരുമാനിച്ചത്. ഇത് തന്‍റെ അവസാനത്തെ വാര്‍ത്താസമ്മേളനമല്ല, ഇനിയും കാര്യങ്ങള്‍ പറയുമെന്നും ആന്‍റണി പ്രഖ്യാപിച്ചു. ALSO READ: ‘ശിവഗിരി- മുത്തങ്ങ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണം, ജനം അറിയട്ടെ’; മുഖ്യമന്ത്രിക്ക് മറുപടിയുമായി എ.കെ.ആന്‍റണി
ശിവഗിരിയിലെ പൊലീസ് നടപടിയും മുത്തങ്ങയിലെ പൊലീസ് വെടിവയ്പ്പും സംബന്ധിച്ച ജുഡീഷ്യല്‍, സിബിഐ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ ആന്‍റണി മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. ‘ജനങ്ങള്‍ കാര്യങ്ങള്‍ അറിയട്ടെ. ഞാന്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞ് കേരളരാഷ്ട്രീയം വിട്ടുപോയിട്ട് 21 വര്‍ഷമായി. ഇപ്പോഴും അവര്‍ പഴയപല്ലവി പാടി നടക്കുകയാണ്.’ ആളുകളുടെ ചോരകണ്ട് സന്തോഷിക്കുന്ന ആളല്ല താനെന്നും ആന്‍റണി പറഞ്ഞു.
ശിവഗിരിയിലെയും മുത്തങ്ങയിലെയും പൊലീസ് നടപടികളില്‍ ഖേദമുണ്ടോ എന്ന ചോദ്യത്തിന് ശിവഗിരിയില്‍ പിന്നീട് പോയപ്പോള്‍ നേരിട്ടുതന്നെ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുത്തങ്ങയില്‍ പിന്നീട് എന്നെങ്കിലും ആദിവാസികള്‍ കുടില്‍ കെട്ടുകയോ വനംകയ്യേറുകയോ ചെയ്തിട്ടുണ്ടോ എന്നും ആന്‍റണി ചോദിച്ചു. ജീവിതത്തില്‍ ശരികളും തെറ്റുകളും ധാരാളമുണ്ട്. അതിന്‍റെ ആകെത്തുക എടുക്കേണ്ട സമയമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.