പൊലീസ് അതിക്രമങ്ങള്‍ കൂടുതല്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തെന്ന മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി എ.കെ.ആന്‍റണി. ശിവഗിരി, മുത്തങ്ങ സംഭവങ്ങളില്‍ ദുഃഖമുണ്ടെന്നും ശിവഗിരിയിലെ നടപടി കോടതി നിര്‍ദേശപ്രകാരമെന്നും ആന്‍റണി പറഞ്ഞു. ശിവഗിരി കമ്മിഷന്‍ റിപ്പോര്‍ട്ടും മുത്തങ്ങയിലെ സിബിഐ റിപ്പോര്‍ട്ടും പുറത്തുവിടണമെന്നും ആന്‍റണി ആവശ്യപ്പെട്ടു. മുത്തങ്ങയില്‍ ആദിവാസികളെ ഇറക്കിവിടാന്‍ എല്ലാവരും പറഞ്ഞു. എന്നിട്ട് ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴിച്ചെന്നും ആന്‍റണി.
1995 ല്‍ ശിവഗിരിയില്‍ കലാപകാരികളെപ്പോലെ സന്യാസിമാരെ നേരിട്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ സഭയിലെ ആരോപണത്തിലായിരുന്നു ആന്‍റണിയുടെ മറുപടി. നടന്നത് നിര്‍ഭാഗ്യകരമായിരുന്നെന്നും പൊലീസ് പോയത് കോടതി ഉത്തരവിലായിരുന്നുവെന്നും എകെ ആന്‍റണി പറഞ്ഞു. ശിവഗിരി ധർമ സംഘം തിരഞ്ഞെടുപ്പ് നടപ്പാക്കുകയായിരുന്നു ലക്ഷ്യം. ജയിച്ചവര്‍ക്ക് അധികാരം കൈമാറി കിട്ടിയില്ല. തുടര്‍ന്നാണ് കോടതി ഉത്തരവില്‍ പൊലീസ് ഇടപെട്ടത്. പരമാവധി കാത്തിരുന്നു, ചര്‍ച്ചകള്‍ പരാജയപ്പെട്ടു, മൂന്നാം തവണയാണ് പൊലീസ് ഇടപെട്ടതെന്നും എകെ ആന്‍റണി പറഞ്ഞു. താൻ അക്രമം കാട്ടിയെന്ന് 21 വർഷമായി പാടുന്നു. ഇ.കെ.നായനാരുടെ കാലത്ത് അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ കമ്മിഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം എല്ലാ ജനങ്ങള്‍ അറിയട്ടെയെന്നും എ.കെ.ആന്റണി പറഞ്ഞു.
താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചിട്ടില്ലെന്നും എകെ ആന്‍റണി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമല്ലെന്നേയുള്ളു. ഗ്രൂപ്പ് രാഷ്ട്രീയം നിര്‍ത്തിയിട്ട് 25 വര്‍ഷം. മരണം വരെ രാഷ്ട്രീയക്കാരനായി തുടരുമെന്നും ആന്‍റണി പറഞ്ഞു. കോണ്‍ഗ്രസില്‍ പ്രതിസന്ധിയില്ലെന്നും എ.കെ.ആന്റണി കൂട്ടിച്ചേര്‍ത്തു.