വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്‍റെ വായ്പാ വിവാദത്തില്‍ ബത്തേരി അര്‍ബന്‍ ബാങ്കിന്‍റെ വാദം തള്ളി കുടുംബം. ജന്‍ ഔഷധിക്കും വസ്ത്ര വ്യാപാര സ്ഥാപനത്തിനുമായി മറ്റ് ബാങ്കില്‍ നിന്നാണ് വായ്പ എടുത്തത്. തിരിച്ചടവിനായി ബാങ്ക് സമ്മര്‍ദം ചെലുത്തി എന്ന് പറഞ്ഞിട്ടില്ലെന്നും വിജയന്‍റെ മരുമകള്‍ പത്മജ പ്രതികരിച്ചു.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്നും എന്‍.എം.വിജയന്‍ 2007 മുതല്‍ എടുത്ത വായ്പയില്‍ ഇനി തിരിച്ചടക്കേണ്ടത് 63 ലക്ഷം രൂപയാണ്. പല ഘട്ടങ്ങളായി ജന്‍ ഔഷധി കേന്ദ്രത്തിനായും വസ്ത്ര വ്യാപാരം തുടങ്ങുന്നതിനും വേണ്ടിയായിരുന്നു വായ്പ. വിജയന്‍റെ ആത്മഹത്യക്ക് പിന്നാലെ എ.പി.അനില്‍കുമാറും ടി.സിദ്ധിഖും ഇടപെട്ടതിന്‍റെ അടിസ്ഥാനത്തില്‍ മറ്റ് നടപടികളിലേക്ക് പോയിലെന്ന് ബാങ്ക് പ്രസിഡന്‍റ് ഡി.പി.രാജശേഖരന്‍.
അതേസമയം ബാങ്കിന്‍റെ വാദങ്ങള്‍ തള്ളി വിജയന്‍റെ മരുമകള്‍ പത്മജ രംഗത്തുവന്നു. സംരംഭങ്ങള്‍ തുടങ്ങുന്നതിന് മറ്റൊരു ബാങ്കില്‍ നിന്നാണ് വായ്പ എടുത്തത്.
ബാങ്ക് സമ്മര്‍ദം ചെലുത്തി എന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും വായ്പാ തുക വീട്ടാമെന്ന പാര്‍ട്ടിയുടെ കരാര്‍ ഔദാര്യമല്ലെന്നും പത്മജ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി കുടുംബത്തെ അവഹേളിക്കുന്നതിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും പത്മജ പ്രതികരിച്ചു.