വയനാട്  ഡിസിസി മുൻ ട്രഷറർ എൻ.എം.വിജയൻ ജീവനൊടുക്കിയ സംഭവത്തിലെ ആത്മഹത്യ പ്രേരണ കേസിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയെ ഒന്നാം പ്രതിയാക്കി കുറ്റപത്രം. സഹകരണ ബാങ്കുകളിലെ നിയമന കോഴയിലാണ് അന്വേഷണം. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കുറ്റപത്രം വൈകിപ്പിച്ചതെന്ന് ഐ.സി.ബാലകൃഷ്ണൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

എൻ.എം. വിജയൻ്റെയും മകൻ്റെയും ആത്മഹത്യക്ക് പിന്നാലെ പുറത്ത് വന്ന കുറിപ്പുകളുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് നേതാക്കളെ പ്രതികളാക്കി അന്വേഷണം തുടങ്ങിയത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ നിയമനത്തിനായി കോഴ വാങ്ങിയെന്നാണ് ആരോപണം. ഐ.സി.ബാലകൃഷ്ണൻ, മുൻ ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ, മുൻ ട്രഷറർ കെ. കെ. ഗോപിനാഥൻ എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ആത്മഹത്യാ കുറിപ്പുമായി ബന്ധപ്പെട്ട് നൂറോളം സാക്ഷിമൊഴികളുണ്ട്. എൻ.എം.വിജയനുമായി നേതാക്കളും നിയമനത്തിന് പണം നൽകിയവരും നടത്തിയ ഫോൺവിളികളുടെ വിശദാംശങ്ങളും ഓഡിയോ ക്ലിപ്പുകളും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. നിയമനകോഴയിൽ വിജിലൻസും കഴിഞ്ഞ ദിവസം എംഎൽഎയ്ക്ക് എതിരെ കേസെടുത്തിരുന്നു. കുറ്റപത്രം വൈകിപ്പിച്ചത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ഐ.സി. ബാലകൃഷ്ണൻ്റെ പ്രതികരണം. 

ENGLISH SUMMARY:

IC Balakrishnan MLA is accused in suicide abetment case. The investigation revolves around the cooperative bank recruitment scam and allegations against Congress leaders.