രാഷ്ട്രീയം എന്നാല്‍ ആകപ്പാടെ കച്ചവടമാണെന്ന് ബിജെപി നേതാവ് പി.സി.ജോര്‍ജിന്‍റെ മകന്‍ ഷാന്‍ ജോര്‍ജ്. ചെറുപ്പം മുതല്‍ രാഷ്ട്രീയവും രാഷ്ട്രീയക്കാരെയും കണ്ടുവളര്‍ന്നതുകൊണ്ട് തനിക്ക് മറ്റുള്ളവരേക്കാള്‍ നന്നായി ഇക്കാര്യം അറിയാമെന്നും ഷാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ രണ്ട് പ്രമുഖ പാര്‍ട്ടികളോടും ജനങ്ങള്‍ക്കുണ്ടായിരുന്ന താല്‍പര്യം തീരെ കുറഞ്ഞു. ബിജെപി വര്‍ഗീയപ്രതിച്ഛായയില്‍ നിന്ന് പൂര്‍ണമായി പുറത്തുവന്നിട്ടുമില്ല. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് കേരളത്തിന്‍റെ ആവശ്യങ്ങള്‍ മനസിലാക്കുന്ന പുതിയൊരു രാഷ്ട്രീയപ്രസ്ഥാനം ഉണ്ടാകണമെന്നും ഷാന്‍ ജോര്‍ജ് പറഞ്ഞു.
‘എനിക്ക് ഒരു രാഷ്ട്രീയപ്രസ്ഥാനത്തോടും അഭേദ്യമായ സ്നേഹമില്ല. പക്ഷേ കേരളം പോകുന്നത് വലിയ പ്രതിസന്ധിയിലാണെന്ന് തിരിച്ചറിയുന്നു. സാധാരണക്കാരന് പുറത്തിറങ്ങി ആഹാരം കഴിക്കാനോ വണ്ടിയില്‍ പെട്രോളടിക്കാനോ കഴിയാത്ത വിലക്കയറ്റം. ലഹരിവ്യാപനം പുതുതലമുറയെ അപ്പാടെ ഇല്ലാതാക്കുന്നു. ആരോഗ്യരംഗത്തിന്‍റെ കാര്യം പറയാനുമില്ല. മതതീവ്രവാദത്തിന്‍റെ വിളനിലമായി കേരളം മാറി’. വര്‍ഗീയ പ്രതിച്ഛായ മാറിയിട്ടില്ലെങ്കിലും ബിജെപി ഭരണം ഇല്ലായിരുന്നെങ്കില്‍ രാജ്യം തീവ്രവാദസംഘടനകളുടെ കയ്യിലായേയെന്നും ഷാന്‍ അഭിപ്രായപ്പെടുന്നു.
‘മുസ്‍ലിംകളെല്ലാം രാജ്യം വിട്ടുപോകണം’ എന്ന പി.സി.ജോര്‍ജിന്‍റെ നിലപാട് തനിക്കില്ല. എന്താവശ്യത്തിനും ചങ്ക് പറിച്ച് കൂടെ നിന്നവരാണ് മുസ്‍ലിം സുഹൃത്തുക്കള്‍. ‘ഞാൻ രാവിലെ എണീക്കുമ്പോൾ എന്റെ വീട്ടുമുറ്റത്ത് കാണുന്നതും വീട്ടിൽ വന്ന് സൊറ പറഞ്ഞിരുന്നതിലും കൂടുതൽ മുസ്ലീം സഹോദരങ്ങൾ തന്നെയായിരുന്നു. പി.സി.ജോര്‍ജ് വൈകാരികമായി പറഞ്ഞുപോയതാകാം. മതഭ്രാന്തില്ലാത്ത, വിവേകത്തോടെ ചിന്തിക്കുന്ന ഒരുപാട് സുഹൃത്തുക്കള്‍ ആ സമുദായത്തിലുണ്ട്. സ്വന്തം മതത്തിലുള്ളവരുമായി മാത്രം കൂട്ടുകൂടുന്നവരോ എല്ലായിടത്തും തങ്ങള്‍ മാത്രം മതി എന്ന് ചിന്തിക്കുന്നവരോ പാക്കിസ്ഥാനില്‍ മിസൈല്‍ ഇട്ടാല്‍ ഹൃദയം തകരുന്നവരോ അല്ല അവരാരും. പിന്നെ അവരുടെ മതത്തിലുള്ള കളകളെ അവര്‍ തന്നെ തുടച്ചുനീക്കും എന്ന് പ്രതീക്ഷിക്കാം.’ – ഷാന്‍ പറയുന്നു.
രാഷ്ട്രീയക്കാരനല്ലെങ്കിലും രാഷ്ട്രസേവനം ഏതുപൗരന്‍റെയും കടമയാണെന്ന് ഷാന്‍ ജോര്‍ജ് പറയുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയോടെയാണ് പി.സി.ജോര്‍ജിന്‍റെ വലിപ്പം മനസിലായതെന്നും അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരൊക്കെ അതിന്‍റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മകന്‍ കുറിച്ചു. പി.സി.ജോര്‍ജ് എന്തെല്ലാം ചെയ്തെന്നും പറഞ്ഞാലും അഴിമതി നടത്തി എന്ന് പൂഞ്ഞാറില്‍ ഒരാള്‍ പോലും പറയില്ലെന്നും ഷാന്‍ അവകാശപ്പെട്ടു.