രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള സസ്പെൻഷൻ സ്പീക്കറെ അറിയിക്കും. എം.എൽ.എക്ക് എതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശം സ്പീക്കറെ അറിയിച്ചുള്ള  കത്ത് നൽകാനാണ് തീരുമാനം. പ്രതിപക്ഷ നേതാവിന്റെ ഓഫീസാണ് കത്ത് നൽകുക. പാർലിമെന്ററി പാർട്ടിയിൽ നിന്ന് മാറ്റിനിറുത്തിയിരിക്കുന്നതും കത്തിൽ പരാമർശിക്കും. നിയമസഭയിൽ വരുന്നത് സംബന്ധിച്ച് രാഹുൽ സ്വയം തീരുമാനിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട്. 

സഭാ സമ്മേളനത്തിൽ നിന്ന് ഒരു എം.എൽ.എയെ നിയമപരമായി ആർക്കും വിലക്കാനാവില്ല എന്നതും  നേതൃത്വം പരിഗണിക്കുന്നുണ്ട്. രാഹുൽ സഭയിലെത്തിയാൽ ചർച്ചകൾ അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളിലേക്ക് മാറുകയും അത് പ്രതിപക്ഷത്തിന് തിരിച്ചടിയാകുകയും ചെയ്യും. രാഹുൽ സഭയിൽ വന്നാൽ തൽക്കാലം പ്രത്യേക ബ്ളോക്ക് ആയി ഇരിക്കേണ്ടി വരും . ഇതിൽ സ്പീക്കറുടേതാണ് അന്തിമ തീരുമാനം. നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങുകയാണ്.  12 ദിവസമാണ് സഭചേരുക.. Also Read: 'ഹോട്ടലില്‍ മുറിയെടുക്കാം, വരണമെന്ന് ആവശ്യപ്പെട്ടതോടെ ദേഷ്യപ്പെട്ടു, ആദ്യം മുതലേ അശ്ലീല മെസേജാണയച്ചത്’

അതേസമയം, ഗുരുതര ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുകാരനാണെന്ന് അണികളെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ്. ഇരകളില്‍ പലരും നേതൃത്വത്തെ നേരിട്ട് സമീപിച്ചതോടെയാണ് നടപടി സ്വീകരിച്ചതെന്ന് വിശദീകരിക്കാനാണ് തീരുമാനം. നേതാക്കള്‍ക്കെതിരെ രാഹുലും ടീമും സൈബര്‍ ആക്രമണം അഴിച്ചുവിട്ട പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തിലിലാണ് നേതൃത്വം.

സമൂഹമാധ്യമങ്ങളിലെ ചില വെളിപ്പെടുത്തലുകള്‍ക്കപ്പുറം പരാതികള്‍ ഒന്നുമില്ലെന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂലികളുടെ ബഹളം സൈബര്‍ ആക്രമണത്തിന് വഴിമാറിയതോടെയാണ് കടുത്ത നടപടിക്ക് പാര്‍ട്ടി നേതൃത്വവും ഒരുങ്ങുന്നത്. മൗനം വെടിഞ്ഞ് രാഹുലിനെതിരായ നടപടി വെറുതേ എടുത്തതല്ലെന്ന് അണികളോട് വിശദീകരിക്കും. അച്ചടക്കനടപടി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ അല്ലെന്ന് നേതൃത്വം തറപ്പിച്ചുപറയുന്നു. പല ഇരകളും നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കളോട് രാഹുലിനെതിരെ ഗുരുതരമായ പരാതികള്‍ ഉന്നയിച്ചവരില്‍ 20 നും 60 വയസിനുമിടയില്‍ പ്രായമുള്ളവരുണ്ട്. പരാതി പറഞ്ഞവരോട് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ നേതൃത്വം ഉപദേശിച്ചെങ്കിലും പലരും മടിക്കുന്നതായാണ് വിവരം. എന്നാല്‍, പരാതികള്‍ നേതൃത്വത്തിന് വ്യക്തമായി അറിയാമെന്നിരിക്കെ പരസ്യമായോ രഹസ്യമായോ രാഹുലിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു. വി.ഡി.സതീശന്റെ ഈ പ്രതികരണം അതിന്റെ ഭാഗമായി ഉണ്ടായതാണ്.

എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത നടപടിയാണ്. ആരൊക്കെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാലും പിന്നോട്ടുപോകില്ല. വി.ഡി.സതീശനെയും നേതൃത്വത്തെയും ഉന്നമിട്ടുള്ള അതിരുകടന്ന സൈബര്‍ ആക്രമണം പാര്‍ട്ടിക്ക് ദോഷമായി തുടങ്ങിയെന്നാണ് വിലയിരുത്തല്‍. സൈബര്‍ ആക്രമണം സംഘടിതമാണെന്നും നേതൃത്വം വിശ്വസിക്കുന്നു. 

ENGLISH SUMMARY:

The opposition will inform the Legislative Assembly Speaker about the action taken by the Congress against MLA Rahul Mankootathil. It will also be conveyed that he has been removed from the Parliamentary Party. This means Rahul will have to sit in a separate block in the Assembly. The Congress leadership has taken the stance that Rahul himself may decide whether or not to attend the Assembly. They are aware that there is no legal ground to bar an MLA from attending. The Legislative Assembly session will begin on Monday.