രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടി നടപടിയെക്കുറിച്ച് വ്യകതമാക്കി പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും അറിയിച്ചു. രാഹുല്‍ സഭയില്‍ പ്രത്യേക ബ്ലോക്കില്‍ ഇരിക്കേണ്ടിവരും. നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് ഈ നിർണായക നീക്കം.
ഒരു ജനപ്രതിനിധിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയോ മുന്നണിയിൽ നിന്ന് പുറത്താക്കുകയോ ചെയ്താൽ ആ വിവരം സ്പീക്കറെ അറിയിക്കുന്ന കീഴ്വഴക്കമുണ്ട്. അതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നൽകിയത്. കത്ത് ലഭിച്ച സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. എന്ന നിലയിൽ സഭയിലെത്തിയാൽ അദ്ദേഹത്തിന് പ്രത്യേക ബ്ലോക്കിൽ ഇരിക്കേണ്ടി വരും. സഭയുടെ ചട്ടങ്ങൾ പരിശോധിച്ച് നിയമോപദേശം തേടിയ ശേഷം സ്പീക്കറാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഹുലിനെതിരായ നടപടി കോൺഗ്രസ് നേതൃത്വത്തിന് സൈബർ ആക്രമണം ഉൾപ്പെടെയുള്ള വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്നത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒരു എം.എൽ.എ.യെ സഭയിൽ നിന്ന് തടയാൻ നിയമപരമായി സാധ്യമല്ല.