ശരത് പ്രസാദ്, നിബിന്‍ ശ്രീനിവാസന്‍
സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഡിവൈഎഫ്ഐ നേതാവ്. പിരിവ് നടത്തിയാല്‍ ഏരിയ സെക്രട്ടറിക്ക് പതിനായിരം കിട്ടുമെന്ന് ശബ്ദരേഖ. ജില്ലാ ഭാരവാഹി ആയാൽ ഇരുപത്തിഅയ്യായിരത്തിന് മുകളിലും പാര്‍ട്ടി കമ്മിറ്റിയിലെത്തിയാല്‍ ഒരുലക്ഷം വരെയാകും പിരിവെന്നും ഡിവൈഎഫ്ഐ നേതാവ് പറയുന്നു. ഡിവൈഎഫ്ഐതൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റേതാണ് ശബ്ദരേഖ.
നേതാക്കള്‍ വലിയ വലിയ ഡീലേഴ്സാണെന്നും എം.കെ. കണ്ണന് കോടാനുകോടി രൂപയുടെ സ്വത്തുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു. രക്ഷപെട്ടത് രാഷ്ട്രീയംകൊണ്ടാണ്. കണ്ണന്‍ കപ്പലണ്ടിക്കച്ചവടം നടത്തിയിരുന്നയാള്‍. വര്‍ഗീസ് കണ്ടംകുളത്തി നടത്തുന്നത് നിസാര ഡീലല്ലെന്നും പറയുന്നു. എ.സി. മൊയ്തീന്‍ അപ്പര്‍ ക്ലാസിനിടയില്‍ ഡീല്‍ നടത്തുന്നയാളെന്നും ശബ്ദരേഖയില്‍ പറയുന്നു.
സി.പി.എം തൃശൂൾ നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ നിബിൻ ശ്രീനിവാസനോട് ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. അഴിമതി പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന ഒറ്റക്കാരണ കൊണ്ട് ഏരിയ കമ്മിറ്റിയിൽ നിന്ന് തന്നെ ലോക്കൽ കമ്മിറ്റിയിലേയ്ക്ക് തരം താഴ്ത്തിയെന്ന് നിബിൻ ഇന്നലെ മനോരമന്യൂസിനോട് പറഞ്ഞിരുന്നു.
ശരത്തിനോട് സംസാരിച്ചത് താന്‍ തന്നെയാണെന്നും നിബിന്‍ സ്ഥിരീകരിച്ചു. പാര്‍ട്ടിനേതാക്കള്‍ക്കിടയിലെ ഈ അഴിമതി പാര്‍ട്ടിയും ജനങ്ങളും പരിശോധിക്കണം. അഴിമതി ഉന്നയിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പരാതി അയച്ചെങ്കിലും ഒരു മറുപടിയും കിട്ടിയില്ലെന്നും നിബിന്‍ പറഞ്ഞു.
അതേസമയം, നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം നിബിന്‍ ശ്രീനിവാസനെ സിപിഎം പുറത്താക്കി. പാര്‍ട്ടിക്കെതിരെ നടത്തിയ പരസ്യപ്രസ്താവനയിലാണ് നടപടി.