rahul-mamkoottathil-case
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി
  • കാരണം അണികളെ അറിയിക്കാന്‍ കോണ്‍ഗ്രസ്
  • നേതൃത്വത്തിന് മുന്‍പില്‍ രാഹുലിനെതിരെ പരാതിപ്രളയം

ഗുരുതര ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുകാരനാണെന്ന് അണികളെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ്. ഇരകളില്‍ പലരും നേതൃത്വത്തെ നേരിട്ട് സമീപിച്ചതോടെയാണ് നടപടി സ്വീകരിച്ചതെന്ന് വിശദീകരിക്കാനാണ് തീരുമാനം. നേതാക്കള്‍ക്കെതിരെ രാഹുലും ടീമും സൈബര്‍ ആക്രമണം അഴിച്ചുവിട്ട പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തിലിലാണ് നേതൃത്വം.

സമൂഹമാധ്യമങ്ങളിലെ ചില വെളിപ്പെടുത്തലുകള്‍ക്കപ്പുറം പരാതികള്‍ ഒന്നുമില്ലെന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂലികളുടെ ബഹളം സൈബര്‍ ആക്രമണത്തിന് വഴിമാറിയതോടെയാണ് കടുത്ത നടപടിക്ക് പാര്‍ട്ടി നേതൃത്വവും ഒരുങ്ങുന്നത്. മൗനം വെടിഞ്ഞ് രാഹുലിനെതിരായ നടപടി വെറുതേ എടുത്തതല്ലെന്ന് അണികളോട് വിശദീകരിക്കും. അച്ചടക്കനടപടി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ അല്ലെന്ന് നേതൃത്വം തറപ്പിച്ചുപറയുന്നു. പല ഇരകളും നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. 

മുതിര്‍ന്ന നേതാക്കളോട് രാഹുലിനെതിരെ ഗുരുതരമായ പരാതികള്‍ ഉന്നയിച്ചവരില്‍ 20 നും 60 വയസിനുമിടയില്‍ പ്രായമുള്ളവരുണ്ട്. പരാതി പറഞ്ഞവരോട് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ നേതൃത്വം ഉപദേശിച്ചെങ്കിലും പലരും മടിക്കുന്നതായാണ് വിവരം. എന്നാല്‍, പരാതികള്‍ നേതൃത്വത്തിന് വ്യക്തമായി അറിയാമെന്നിരിക്കെ പരസ്യമായോ രഹസ്യമായോ രാഹുലിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു. വി.ഡി.സതീശന്റെ ഈ പ്രതികരണം അതിന്റെ ഭാഗമായി ഉണ്ടായതാണ്.

എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത നടപടിയാണ്. ആരൊക്കെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാലും പിന്നോട്ടുപോകില്ല. വി.ഡി.സതീശനെയും നേതൃത്വത്തെയും ഉന്നമിട്ടുള്ള അതിരുകടന്ന സൈബര്‍ ആക്രമണം പാര്‍ട്ടിക്ക് ദോഷമായി തുടങ്ങിയെന്നാണ് വിലയിരുത്തല്‍. സൈബര്‍ ആക്രമണം സംഘടിതമാണെന്നും നേതൃത്വം വിശ്വസിക്കുന്നു.

ENGLISH SUMMARY:

The Congress party is preparing to convince its cadres that action against Rahul Mankoottil, facing serious sexual harassment allegations, was not baseless but inevitable. Leaders explained that several victims had directly approached the party, prompting disciplinary steps. The leadership also assessed that the cyberattacks unleashed by Rahul and his team against senior leaders backfired on the party itself.