രാഹുൽ മാങ്കൂട്ടത്തലിനെതിരായ നിലപാടിനെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ രൂക്ഷമായ സൈബർ ആക്രമണം. മുഖ്യമന്ത്രിക്കൊപ്പമുള്ള ഓണസദ്യ ആയുധമാക്കി സതീശന്‍റെ സമൂഹമാധ്യമ പോസ്റ്റുകളിലാകെ അസഭ്യവർഷമാണ്.
ഗുരുതര ലൈംഗികാരോപണങ്ങളിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തലിനെ തള്ളിപ്പറഞ്ഞതാണ് വി.ഡി.സതീശനെതിരായ സൈബർ ആക്രമണത്തിന് കാരണം. തന്‍റെ ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമെന്നും റീൽസിൽ കാണുന്നവരല്ല യഥാർഥ കോൺഗ്രസ് എന്ന് ആവർത്തിച്ചും സതീശൻ നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ ആക്രമണത്തിന്‍റെ ഭാഷയും മാറി. യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മർദ്ദിച്ച ദൃശ്യങ്ങൾ പുറത്തുവന്ന ദിവസം മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് കൂടി ആയുധമാക്കി സതീശന്‍റെ പേജുകളിൽ രാഹുൽ ഫാൻസുകാരുടെ തെറി അഭിഷേകമാണ് ഇപ്പോൾ. Also Read: രാഹുലിനെ മണ്ഡലത്തിലെത്തിക്കാന്‍ നീക്കം; രാഷ്ട്രീയ സാഹചര്യം മാറിയെന്ന് ഡിസിസി
വാർത്താസമ്മേളനങ്ങളിൽ സംസാരിച്ചാൽ പോര, രാഹുലിനെ പോലെ മുന്നിൽ നിന്ന് പോരാടണമെന്നാണ് സൈബർ പോരാളികളുടെ ഉപദേശം. ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെ തുടക്കമുതൽ പിന്തുണയ്ക്കുന്ന രാഹുൽ ഈശ്വർ വി.ഡി.സതീശന്‍റെ പ്രസ് സെക്രട്ടറിയുടെ ഫോൺ നമ്പർ പരസ്യമാക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. എല്ലാവരയും സതീശനെ ഫോണിൽ വിളിച്ച് രാഹുലിന് വേണ്ടി വാദിക്കണമെന്നാണ് രാഹുൽ ഈശ്വറിന്‍റെ ആഹ്വാനം.
അതേസമയം, രാഹുല്‍ ഫാൻസിന്‍റെ തെറിയഭിഷേകം പാർട്ടി നേതൃത്വം ഗൗരവമായിട്ടാണ് കാണുന്നത്. ഇക്കാര്യത്തിൽ ഷാഫി പറമ്പിലിന്റെ മൗനവും പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്.