മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഓണസദ്യയുണ്ടത് ശരിയായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷമായിരുന്നു ഓണസദ്യ. മോശായിപ്പോയെന്നും താന്‍ ആയിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യുകയില്ലെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദനമേറ്റപ്പോള്‍ വിഷയം ഉയര്‍ത്തുന്നതില്‍ പോരായ്മ സംഭവിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ഓണസദ്യ ഒഴിവാക്കേണ്ടതായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതില്‍ താന്‍ മറുപടി പറയുന്നത് ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് അത്തരമൊരു വികാരമുണ്ടെന്നത് മാധ്യമങ്ങള്‍ അറിയിച്ചാല്‍ മതിയെന്ന് പറഞ്ഞൊഴിയുകയും ചെയ്തു. ബീഡി–ബിഹാര്‍ വിഷയത്തില്‍ കേരളത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും സുധാകരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന് ഇതുവരെയും അധ്യക്ഷനെ നിയമിക്കാത്തതിലും സുധാകരന്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.